കീവ്: യുക്രെയ്‌ന് മേല്‍ ആക്രമണം കടുപ്പിച്ച് റഷ്യ. വിവിധയിടങ്ങളില്‍ നിന്ന് യുക്രെയ്നെ ലക്ഷ്യമാക്കി 103 ഓളം ഡ്രോണുകളും മറ്റ് മനുഷ്യരഹിത വ്യോമവാഹനങ്ങളും ആക്രമണം നടത്തിയതായി വ്യോമസേന അറിയിച്ചു. ബ്രെയന്‍സ്‌ക്, മില്ലെറോവോ, ബെര്‍ഡെയാന്‍സ്‌ക് മേഖലകളില്‍ നിന്നാണ് യുക്രെയ്‌ന് നേരെ റഷ്യ ആക്രമണം നടത്തിയത്.
അതേസമയം തങ്ങള്‍ പ്രത്യാക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി. 52 ആളില്ലാ വ്യോമ വാഹനങ്ങളും ഡ്രോണുകളും വിവിധയിടങ്ങളില്‍ ആക്രമിച്ച് നിലത്തിട്ടു. ക്രീമിയയില്‍ നിന്ന് ബാലിസ്റ്റിക് മിസൈലാക്രമണവും ഉണ്ടായതായി സാമൂഹ്യ മാധ്യമമായ ടെലിഗ്രാമില്‍ യുക്രെയ്‌ന്‍ വ്യോമസേന കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മിസൈല്‍ വേധ ഉപകരണങ്ങളും മറ്റും ഉപയോഗിച്ചാണ് യുക്രെയ്ന്‍ വ്യോമസേന ഇവയെ നേരിട്ടത്. പോള്‍ട്ടാവ, സുമി, ഖര്‍കിവ്, കീവ്, ചെര്‍ണിഹിവ്, ചെര്‍കാസി, കിരോവൊഹാര്‍ജ്, സൈട്ടോമിയര്‍, ദനിപ്രോപെട്രോവ്സ്‌ക്, ഖേര്‍സണ്‍, മൈകൊലയ്‌വ്, സപോരിഴിയ മേഖലകളിലായാണ് ഇവയെ ആക്രമിച്ചിട്ടതെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണങ്ങള്‍ സ്വകാര്യ വസ്‌തുവകകള്‍ക്ക് നാശനഷ്‌ടമുണ്ടാക്കിയിട്ടുണ്ട്. ഖേഴ്‌സണ്‍, മൈകോലെയ്‌വ്, ചെര്‍ണിഹിവ്, സുമി, സയട്ടോമിയര്‍, കീവ് തുടങ്ങിയ ഇടങ്ങളില്‍ ചില സ്വകാര്യ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
പ്രത്യാക്രമണത്തിനിടെ പ്രതിരോധ സേനയുടെ 44 ശത്രു ഡ്രോണുകള്‍ക്ക് ദിശ നഷ്‌ടമായി. എന്നാല്‍ ഇവ യാതൊരു നാശനഷ്‌ടങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു മനുഷ്യരഹിത വ്യോമവാഹനം ബെലാറസിലേക്ക് പോയി. റഷ്യന്‍ ആക്രമണത്തില്‍ ഖേര്‍സണ്‍, മൈകൊലയ്‌വ്, ചെര്‍ണിഹിവ്, സുമി, സയട്ടോമിയര്‍, കീവ് തുടങ്ങിയ മേഖലകളില്‍ സ്വകാര്യ വാണിജ്യ കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്. ഇരകളായവര്‍ക്ക് സഹായം നല്‍കി വരുന്നുണ്ടെന്നും യുക്രെയ്‌ന്‍ വ്യോമസേന പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ കീവില്‍ ഒരാള്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. നിരവധി എംബസികള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതായും യുക്രെയ്‌ന്‍ അധികൃതര്‍ വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇക്കാര്യം കീവ് സിറ്റി സൈനിക ഭരണകൂടം ടെലഗ്രാം പോസ്റ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ചിലര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നല്‍കി.
Also Read: റഷ്യയ്‌ക്കെതിരെ യുക്രെയ്‌ന്‍റെ മിസൈൽ ആക്രമണം; ഒരു കുട്ടിയുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു