പാലക്കാട് :റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് പ്രവാസിയും കുടുംബവും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാടുകാണിച്ചുരത്തിലായിരുന്നു സംഭവം. രണ്ടു കാറുകളിലായി നാടുകാണിച്ചുരം കാണാന്‍ പോയവരാണ് ആനക്കൂട്ടത്തിനു മുന്നില്‍പ്പെട്ടത്.റോഡില്‍ ആനക്കൂട്ടത്തെക്കണ്ട് സംഘത്തിലെ ആദ്യ കാര്‍ മുന്നോട്ടെടുത്തെങ്കിലും അനങ്ങാനാവാതെ രണ്ടാമത്തെ കാര്‍ ആനക്കൂട്ടത്തിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. കാറിനടുത്തെത്തിയ ആന കാലുയര്‍ത്തി വാഹനത്തില്‍ ചവിട്ടുന്നതും പിന്നീട് പിന്തിരിയുന്നതുമടക്കമുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്. സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവ ശേഷം പ്രവാസി ഫേസ്ബുക്കിലാണ് വീഡിയോ അടക്കം പങ്കുവെച്ചത്.
സംഭവത്തെക്കുറിച്ച് പ്രവാസിയുടെ ഫേസ്‌ബുക്ക് കുറിപ്പ്
ഇന്നലെ17/06 (പെരുന്നാൾ ദിവസം) വൈകുന്നേരം 5 മണിക്കാണ് ഞാനും അനുജൻ സുനിൽ ബാബുവും( മാധ്യമം റിപ്പോര്‍ട്ടര്‍) ഞങ്ങളുടെ കുടുംബങ്ങളും രണ്ട് വാഹനങ്ങളിലായി നാടുകാണി ചുരം കയറാൻ പോയത്. രാത്രി 8 മണിക്ക് തിരിച്ചു പോരുമ്പോൾ റോഡിൽ നല്ല തിരക്കുണ്ട്. ചുരത്തിലെ തേൻമല വളവ് എത്തുന്നതിനു മുമ്പായിത്തന്നെ വഴിയൽ ആനയുണ്ടെന്ന വിവരം ബൈക്കിൽ വരുന്നവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. വാഹനങ്ങൾ വളരെ പതുക്കെയാണ് നീങ്ങുന്നത്.
വ്യൂപോയിന്‍റിന് മുകളിൽ തകരപ്പാടിയിൽ വെച്ചാണ് ആനയും കുഞ്ഞും റോഡിലക്ക് കയറാൻ കാലെടുത്തു വെക്കുന്നതും ഞങ്ങൾ അവരുടെ മുന്നിൽ പെടുന്നതും. അനിയനും കുടുംബവും അവരുടെ വാഹനത്തിൽ ഞങ്ങൾക്കു തൊട്ടു പിറകിലാണുള്ളത്. ഞാൻ പെട്ടെന്ന് വാഹനം മുന്നോട്ടു എടുത്തെങ്കിലും, അപ്പോഴേക്കും അനിയൻ്റെ വാഹനത്തിനടുത്തേക്ക് ആന ഓടിയെത്തിക്കഴിഞ്ഞിരുന്നു.