കേരളം

kerala

ETV Bharat / state

ഓളപ്പരപ്പില്‍ ഇനി പോരാട്ടങ്ങളുടെ ദിനങ്ങള്‍; മലബാർ റിവർ ഫെസ്‌റ്റിന് നാളെ തുടക്കം - 10TH MALABAR RIVER FEST

വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളി പാറ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. റിവര്‍ ഫെസ്‌റ്റിവലിന്‍റെ അനുബന്ധ മത്സരങ്ങള്‍ മുന്നെ നടന്നിരുന്നു.

മലബാർ റിവർ ഫെസ്‌റ്റ്  വൈറ്റ് വാട്ടർ കയാക്കിങ്  WHITE WATER KAYAKING IN KOZHIKODE  MALABAR RIVER FEST
White Water Kayaking Competition (ETV Bharat)

By ETV Bharat Kerala Team

Published : Jul 24, 2024, 6:44 PM IST

കോഴിക്കോട്: കുലംകുത്തി നുരഞ്ഞു പതഞ്ഞൊഴുകുന്ന ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും മീൻതുള്ളി പാറയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന് ഒരുങ്ങിക്കഴിഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്ക് പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമാകും. നുരഞ്ഞു പതഞ്ഞൊഴുകുന്ന ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും മീൻതുള്ളി പാറയിലുമായി നാല് ദിവസമാണ് ആവേശ പോരാട്ടങ്ങൾ നടക്കുക.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡിടിപിസി. കോഴിക്കോട് ജില്ല പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ഇന്ത്യൻ കയാക്കിങ് ആൻഡ് അസോസിയേഷന്‍റെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ നടക്കുക. റിവർ ഫെസ്റ്റിവലിന്‍റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്‌ച രാവിലെ 11:30ന് പുലിക്കയത്ത് വച്ച് വിനോദസഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിക്കും.

നാളെ ചക്കിട്ടപ്പാറയിലെ ഫ്രീ സ്റ്റൈൽ മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് രാവിലെ പത്ത് മണിക്ക് മീൻതുള്ളി പാറയിൽ ടി പി രാമകൃഷ്‌ണൻ എംഎൽഎ നിർവഹിക്കും. എട്ടു രാജ്യങ്ങളിൽ നിന്നുള്ള പതിമൂന്ന് അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിവലിൽ തുഴയെറിയുക. ഇറ്റലി, ന്യൂസിലാൻഡ്, ഫ്രാൻസ്, നോർവേ, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ ഇതിൽ ഉൾപ്പെടും. മിക്ക രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാരും നേരത്തെ തന്നെ കോടഞ്ചേരിയിൽ എത്തിക്കഴിഞ്ഞു.

ഒരു മാസക്കാലം ഒൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി നടന്ന പ്രീ ഇവന്‍റുകൾക്ക് ഒടുവിലാണ് വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി പുലിക്കയത്ത് വിവിധ കലാപരിപാടികളും നടക്കും. 26ന് വൈകിട്ട് ആറു മണിക്ക് കേരള ഫോക്‌ലോർ അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യയും സമാപന ദിവസമായ 28ന് രാത്രി ഏഴിന് അതുൽ മറുകരയുടെ മ്യൂസിക് ബാന്‍റും ഉണ്ടാകും. 28ന് വൈകുന്നേരം അഞ്ച് മണിക്ക് ഇലന്ത് കടവിൽ നടക്കുന്ന സമാപനം പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്യും.

Also Read: പെരുമഴക്കാലത്ത് ഹരിതവനങ്ങളുടെ സ്വര്‍ഗീയ കാഴ്‌ച; ചുരം കയറി വിനോദസഞ്ചാരികള്‍

ABOUT THE AUTHOR

...view details