രാജ്‌കോട്ട്:ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വമ്പൻ തോല്‍വിയായിരുന്നു ഇംഗ്ലണ്ട് വഴങ്ങിയത്. മത്സരത്തിന്‍റെ നാലാം ദിനം 557 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലീഷ് പട മത്സരത്തില്‍ 122 റണ്‍സില്‍ പുറത്തായി. ഇതോടെ, 434 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് ആതിഥേയരായ ഇന്ത്യയ്‌ക്ക് സ്വന്തമായത് (India vs England 3rd Test).
ഇൻഫോം ബാറ്റര്‍മാരായ സാക്ക് ക്രാവ്‌ലി (Zak Crawley), ബെൻ ഡക്കറ്റ് (Ben Duckett) എന്നിവര്‍ വേഗം മടങ്ങിയതായിരുന്നു മത്സരത്തില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയായത്. സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രം ഉണ്ടായിരിക്കവെയാണ് ഓപ്പണര്‍മാരെ രണ്ട് പേരെയും ഇംഗ്ലണ്ടിന് നഷ്‌ടമായത്. നാല് റണ്‍സ് നേടിയ ഡക്കറ്റ് റണ്‍ ഔട്ടായപ്പോള്‍ 11റണ്‍സ് മാത്രം നേടിയ സാക്ക് ക്രാവ്‌ലി എല്‍ബിഡബ്ല്യുവായാണ് മടങ്ങിയത്.
ഇന്ത്യൻ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പന്തിലായിരുന്നു സാക്ക് ക്രാവ്‌ലിയുടെ പുറത്താകല്‍. ബുംറയുടെ ഒരു ഇൻസ്വിങ്ങറിലാണ് ക്രാവ്‌ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയത്. പിന്നാലെ, അമ്പയര്‍ കുമാര്‍ ധര്‍മസേന ഔട്ട് വിളിച്ച തീരുമാനം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ് (Zak Crawley DRS Controversy). അമ്പയര്‍ ഔട്ട് വിളിച്ചതിന് പിന്നാലെ തന്നെ തീരുമാനം പുന:പരിശോധിക്കാനായി ഇംഗ്ലണ്ട് ബാറ്റര്‍ ഡിആര്‍എസ് റിവ്യു എടുത്തിരുന്നു.
റീപ്ലേകളില്‍ പന്ത് ലെഗ് സ്റ്റമ്പില്‍ തട്ടാതെ പോകുന്നതായാണ് കാണിച്ചത്. ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു തേര്‍ഡ് അമ്പയറും നല്‍കിയ നിര്‍ദേശം. മത്സരശേഷം അമ്പയറുടെ തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി ഇംഗ്ലീഷ് നായകൻ ബെന്‍ സ്റ്റോക്‌സും രംഗത്തെത്തി.