സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിര്‍ണായകമായ അവസാന മത്സരത്തിന് ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യൻ ടീം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മത്സരം നാളെ തുടങ്ങാനിരിക്കെ ഇന്ത്യൻ ടീമില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. നായകൻ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെയെല്ലാം സ്ഥാനം ചോദ്യചിഹ്നമായി തുടരുന്ന സാഹചര്യത്തില്‍ പ്ലേയിങ് ഇലവനില്‍ അഴിച്ചുപണി നടത്താൻ ടീം മാനേജ്‌മെന്‍റ് തയ്യാറാകാനാണ് സാധ്യതകളേറെയും.
മത്സരത്തലേന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താ സമ്മേളനവും ടീമില്‍ അഴിച്ചുപണിയുണ്ടാകുമെന്ന സൂചന നല്‍കുന്നു. ക്യാപ്‌റ്റൻ രോഹിത് ശര്‍മ്മയില്ലാതെയായിരുന്നു ഗംഭീര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. രോഹിത് സിഡ്‌നിയില്‍ കളിക്കില്ലെന്നതിന്‍റെ സൂചനയായി ഇതിനെയും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
പരമ്പരയില്‍ ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ട രോഹിത്തിന് കളിച്ച മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിങ്‌സില്‍ ഒന്നില്‍ പോലും മികവ് കാട്ടാനായിരുന്നില്ല. 6.20 ശരാശരിയില്‍ 31 റണ്‍സാണ് രോഹിതിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. മോശം ഫോമിലുള്ള രോഹിത്തിനെ സിഡ്‌നിയില്‍ ഒഴിവാക്കിയാല്‍ കെഎല്‍ രാഹുല്‍ ഓപ്പണറായി തിരികെയെത്തുകയും മൂന്നാം നമ്പറില്‍ ശുഭ്‌മാൻ ഗില്ലിന് അവസരം ലഭിക്കുകയും ചെയ്യും. സിഡ്‌നിയില്‍ രോഹിത് കളിക്കാനിറങ്ങിയാല്‍ അത് താരത്തിന്‍റെ അവസാന ടെസ്റ്റ് മത്സരമാകാനുള്ള സാധ്യതകളേയും തള്ളിക്കളയാനാകില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രോഹിത് ശര്‍മയില്ലെങ്കില്‍ യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്‌മാൻ ഗില്‍ ഇങ്ങനെയാകും ഇന്ത്യയുടെ ടോപ് ത്രീ. നാലാം നമ്പറില്‍ വിരാട് കോലി തന്നെ തുടര്‍ന്നേക്കാനാണ് സാധ്യത. ബാറ്റിങ് ശൈലിയില്‍ വിമര്‍ശനം നേരിടുന്ന റിഷഭ് പന്തിന്‍റെ കാര്യവും തുലാസിലാണ്. പന്തിന് ടീമിലെ സ്ഥാനം നഷ്‌ടമായാല്‍ ധ്രുവ് ജുറെലിന് അവസരം ലഭിച്ചേക്കാം.
ജുറെല്‍ ടീമില്‍ ഇടം പിടിച്ചാല്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കും. സ്‌പിന്നിനെ തുണയ്‌ക്കുന്ന സിഡ്‌നിയില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും സ്ഥാനം നിലനിര്‍ത്തിയേക്കും. പേസ് ഡിപ്പാര്‍ട്‌മെന്‍റിലും മാറ്റത്തിന് സാധ്യതയുണ്ട്.
പരിക്കേറ്റ ആകാശ് ദീപ് സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഗംഭീര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആകാശ് ദീപിന് പകരമായി പേസര്‍ ഹര്‍ഷിത് റാണ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. വൈസ് ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുംറയ്‌ക്ക് കൂട്ടായി മുഹമ്മദ് സിറാജും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ/കെഎല്‍ രാഹുല്‍/ ശുഭ്‌മാൻ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്/ധ്രുവ് ജുറെല്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്‌പ്രീത് ബുംറ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്.