ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ യുഗം അവസാനിക്കുന്നോ...? മെല്‍ബണില്‍ ഇന്ത്യൻ നായകൻ കളിച്ചത് തന്‍റെ അവസാന ടെസ്റ്റ് മത്സരമോ...? ആരാധകര്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്. സിഡ്‌നി ടെസ്റ്റിന് മുന്നോടിയായി വന്ന ചില റിപ്പോര്‍ട്ടുകളാണ് ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്.
സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ടീം ഇന്ത്യയ്‌ക്ക് ഈ മത്സരം ജയിച്ചേ മതിയാകൂ. കൂടാതെ, അഞ്ചാം മത്സരം ജയിച്ചാല്‍ പരമ്പര കൈവിടാതെ തന്നെ നാട്ടിലേക്കും മടങ്ങാം.
ഇത്രയും നിര്‍ണായകമായ മത്സരത്തിനായി ടീം തയ്യാറെടുക്കുന്നതിനിടെയാണ് ക്യാപ്‌റ്റൻ രോഹിത് ശര്‍മയുടെ പിന്മാറ്റം എന്ന കാര്യമാണ് ആരാധകരുടെയും ചങ്കിടിപ്പേറ്റുന്നത്. സിഡ്‌നിയില്‍ കളിക്കാനുണ്ടാകില്ലെന്ന് രോഹിത് പരിശീലകനെയും സെലക്ഷൻ കമ്മിറ്റി ചെയര്‍മാൻ അജിത് അഗാര്‍ക്കറേയും അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഉപനായകൻ ജസ്‌പ്രീത് ബുംറയാണ് സിഡ്‌നിയില്‍ ടീമിനെ നയിക്കുക. യശസ്വി ജയ്‌സ്വാളിനൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറാകും. മൂന്നാം നമ്പറില്‍ ശുഭ്‌മാൻ ഗില്ലും പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും രോഹിത് വിട്ടുനിന്നപ്പോഴും ബുംറയ്‌ക്ക് കീഴിലായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. പെര്‍ത്തില്‍ നടന്ന ഈ മത്സരത്തില്‍ ജയം നേടാൻ അന്ന് ഇന്ത്യയ്‌ക്കായിരുന്നു. പിന്നീട് രോഹിത് മടങ്ങിയെത്തി ക്യാപ്‌റ്റൻസി ഏറ്റെടുത്തെങ്കിലും ഒരു മത്സരത്തിലും ടീമിന് ജയം സ്വന്തമാക്കാനായില്ല.
ആദ്യ മത്സരത്തില്‍ ഓപ്പണറുടെ റോളില്‍ രാഹുല്‍ മികവ് കാട്ടിയ വേളയില്‍ രോഹിത്തിനെ ഏത് പൊസിഷനില്‍ കളിപ്പിക്കണമെന്ന ആശയക്കുഴപ്പവും ടീമിലുണ്ടായി. അഡ്‌ലെയ്‌ഡിലും ബ്രിസ്‌ബേനിലും രാഹുലിന് ഓപ്പണിങ് പൊസിഷൻ വിട്ടുനല്‍കി ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ രോഹിത്തിന് തിളങ്ങാനായില്ല. മെല്‍ബണില്‍ സ്ഥിരം പൊസിഷനിലേക്ക് മടങ്ങിയെത്തിയിട്ടും മാറ്റമുണ്ടായില്ല.
പരമ്പരയില്‍ ആകെ കളിച്ച 3 മത്സരങ്ങളിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നായി 31 റണ്‍സ് മാത്രമാണ് രോഹിത് ഇതുവരെ നേടിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പ് നാട്ടില്‍ ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ഈ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ രോഹിതിന്‍റെ ക്യാപ്‌റ്റൻസിയിലും ടീം മാനേജ്‌മെന്‍റ് അതൃപ്‌തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിഡ്‌നി ടെസ്റ്റിന് പിന്നാലെ തന്നെ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ദയനീയ പ്രകടനത്തോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകളും ഏറെക്കുറെ അസ്‌തമിച്ചിട്ടുണ്ട്. സിഡ്‌നിയിലെ മത്സരം കഴിഞ്ഞാല്‍ പിന്നീട് ഈ വര്‍ഷം ജൂണിലാണ് ഇന്ത്യയ്‌ക്ക് അടുത്ത ടെസ്റ്റ് ഉള്ളത്.
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമിടുന്ന ഈ പരമ്പരയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഈ പരമ്പരയ്‌ക്ക് മുന്നോടിയായി ടീമില്‍ തലമുറ മാറ്റമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ, ടി20 ലോകകപ്പ് നേട്ടത്തോടെ രോഹിത് കുട്ടി ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റിനോടും 37 കാരൻ വിട പറയുമെന്ന സാധ്യതകളെ തള്ളിക്കളയാനാകില്ല.