ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പ് 2024ന്‍റെ പുതുക്കിയ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ മൂന്ന് മുതല്‍ 20 വരെ ദുബായിലും ഷാര്‍ജയിലുമായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ആറിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. 17,18 തീയതികളില്‍ സെമിയും ഒക്ടോബർ 20 ന് ഫൈനലും നടക്കും.
ടൂര്‍ണമെന്‍റ് ആദ്യം ബംഗ്ലാദേശിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മത്സരം യു.എ.ഇലേക്ക് മാറ്റുകയായിരുന്നു. ആകെ 10 ടീമുകളാണ് ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്. 10 പരിശീലന മത്സരങ്ങളും നടക്കും. ഓരോ ടീമിനും ഓരോ പരിശീലന മത്സരം കളിക്കാൻ അവസരം ലഭിക്കും. പരിശീലന മത്സരങ്ങൾ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കും.
ടൂർണമെന്‍റില്‍ ഓരോ ടീമും നാല് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കും. അതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ ഒക്ടോബർ 17, 18 തീയതികളിൽ സെമിയിലെത്തും. ഇന്ത്യ സെമിയിൽ എത്തിയാൽ സെമി 1ൽ കളിക്കും. ദുബായിലെയും ഷാർജയിലെയും രണ്ട് സ്റ്റേഡിയങ്ങളിലായി 23 മത്സരങ്ങൾ നടക്കും.
വനിതാ ടി20 ലോകകപ്പ് ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ: ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക
ഗ്രൂപ്പ് ബി: ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്ട്ലൻഡ്