ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഒക്‌ടോബർ 9ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ മൂന്നാം മത്സരമാണിത്. തുടർന്ന് ഒക്ടോബർ 13ന് ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ അവസാന എതിരാളി. അടുത്ത മത്സരത്തിൽ ഇന്ത്യ നെറ്റ് റൺ റേറ്റ് മെച്ചപ്പെടുത്തിയില്ലെങ്കിൽ പണികിട്ടും. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ അവസാന രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യക്ക് നേരിട്ട് സെമിയിലെത്താം.
രണ്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് ടീമുകൾ മാത്രമേ സെമിഫൈനലിലേക്ക് കടക്കുകയുള്ളൂ. ന്യൂസിലൻഡ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് യോഗ്യത നേടുന്നതിന് 6 പോയിന്‍റുകൾ മതിയാകും.
എന്നാൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനോട് തോറ്റില്ലെങ്കിൽ ടൂർണമെന്‍റിൽ മുന്നേറാൻ ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെയോ ന്യൂസിലൻഡിന്‍റേയോ നെറ്റ് റൺ റേറ്റ് മറികടക്കേണ്ടിവരും. കാരണം പാകിസ്ഥാനും ഇന്ത്യയും ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും ന്യൂസിലൻഡ് ഓസ്‌ട്രേലിയക്കെതിരെ ജയിക്കുകയും ചെയ്താൽ മൂന്ന് ടീമുകൾക്കും ആറ് പോയിന്‍റ് ലഭിക്കും. അതിനാലാണ് നെറ്റ് റൺ റേറ്റ് ഏറ്റവും പ്രധാനമാകുന്നത്.ടൂർണമെന്‍റിൽ വിധി നിർണ്ണയിക്കാൻ ഇന്ത്യൻ ടീമിന് അടുത്ത മത്സരം വളരെ നിർണായകമാണ്. എന്നാൽ ശ്രീലങ്കയെ തോൽപ്പിച്ച് ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റാൽ, മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും സെമി ഫൈനൽ യോഗ്യത.