ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂൺ 1-ന് ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിന് ഇറങ്ങും മുമ്പ്, ഇന്നലെ ന്യൂയോർക്കിൽ താരങ്ങള്‍ രണ്ടാം പരിശീലന സെഷനിൽ ഏര്‍പ്പെട്ടിരുന്നു. കാലാവസ്ഥയോട് പൊരുത്തപ്പെടുകയെന്നതാണ് താരങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി.
റിസര്‍വ് താരങ്ങളായ റിങ്കു സിങ്ങും, ഖലീൽ അഹമ്മദും, അവേഷ് ഖാനും ഉള്‍പ്പെടെ മുഴുവന്‍ സ്ക്വാഡും ഇന്നലെ പരിശീലനത്തിന് ഇറങ്ങി എന്നത് ഏറെ ശ്രദ്ധേയമാണ്. കളിക്കാരുടെ പരിശീലന വീഡിയോ ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ് എന്നിവരെയൊക്കെ വീഡിയോയില്‍ കാണാം.
മൂന്നാം നമ്പര്‍ സഞ്ജുവിന്?:ടൂര്‍ണമെന്റിനായി മറ്റ് താരങ്ങള്‍ നേരത്തെ തന്നെ ന്യൂയോര്‍ക്കിലേക്ക് എത്തിയപ്പോള്‍ വിരാട് കോലി വ്യാഴായ്ച്ചയാണ് മുംബൈയില്‍ നിന്നും പുറപ്പെട്ടത്. സന്നാഹ മത്സരത്തിന് മുന്നോടിയായി 35-കാരന് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നാളെ ബംഗ്ലാദേശിനെതിരെ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കോലി കളിച്ചില്ലെങ്കില്‍ മൂന്നാം നമ്പറില്‍ സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയുടെ ഏക സന്നാഹ മത്സരമാണിത്. ന്യൂയോർക്ക് നാസോ കൗണ്ടി സ്റ്റേഡിയമാണ് വേദി.
കളി കാണാന്‍...,: ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം തുടങ്ങുക. ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കിലാണ് ഇന്ത്യയില്‍ മത്സരം ലഭ്യമാവുക. ഓണ്‍ലൈനായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്സെറ്റിലും മത്സരം ലഭ്യമാണ്.