മാഡ്രിഡ്:ലാ ലിഗ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് വിയ്യാറയല്‍. എല്‍ മാഡ്രിഗ വേദിയായ മത്സരത്തില്‍ നാല് ഗോളുകള്‍ നേടിയാണ് ഇരു ടീമും പിരിഞ്ഞത്. മത്സരത്തില്‍ നാല് ഗോള്‍ നേടിയ വിയ്യാറയലിന്‍റെ അലക്‌സാണ്ടര്‍ സൊര്‍ലോത്താണ് റയല്‍ മാഡ്രിഡില്‍ നിന്നും ജയം തട്ടിയെടുത്തത്.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്ന് കണ്ട മത്സരമായിരുന്നു ഇത്. ചാമ്പ്യന്മാര്‍ക്കൊത്ത തുടക്കമായിരുന്നു മത്സരത്തില്‍ റയലിന് ലഭിച്ചത്. ആദ്യ 30 മിനിറ്റില്‍ തന്നെ വിയ്യാറയലിന്‍റെ വലയിലേക്ക് രണ്ട് ഗോളുകള്‍ എത്തിക്കാൻ റയല്‍ മാഡ്രിഡിന് സാധിച്ചു.
മത്സരത്തില്‍ റയലിനായി ഗോള്‍വേട്ട തുടങ്ങിയത് യുവതാരം ആര്‍ദ ഗുലെര്‍. 14-ാം മിനിറ്റില്‍ ആയിരുന്നു താരം സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. ബ്രാഹിം ഡിയസിന്‍റെ പാസ് സ്വീകരിച്ചായിരുന്നു ഗുലെറിന്‍റെ ഗോള്‍ നേട്ടം.
30 -ാം മിനിറ്റില്‍ ഹൊസേലുവിലൂടെ റയല്‍ മാഡ്രിഡ് ലീഡ് ഉയര്‍ത്തി. വാസ്‌കസ് നല്‍കിയ പാസ് കൃത്യമായി തന്നെ ഹൊസേലു ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ ഒരു ഗോള്‍ മടക്കാൻ വിയ്യാറയലിനായി.
മുന്നേറ്റ നിര താരം അലെക്‌സാണ്ടര്‍ സൊര്‍ലോത്തിന്‍റെ മത്സരത്തിലെ ആദ്യത്തെ ഗോള്‍ ആയിരുന്നു ഇത്. യെര്‍സണ്‍ മൊസ്‌ക്വേരയുടെ പാസ് സ്വീകരിച്ചായിരുന്നു വിയ്യാറയല്‍ മുന്നേറ്റനിരതാരം ഗോള്‍ നേടിയത്. അധികം വൈകാതെ തന്നെ റയലിന് വീണ്ടും ലീഡ് ഉയര്‍ത്താൻ സാധിച്ചിരുന്നു.
പ്രതിരോധനിര താരം ലൂക്കസ് വാസ്‌കസ് ആയിരുന്നു ഇത്തവണ റയലിന്‍റെ ഗോള്‍ സ്കോറര്‍. ബ്രാഹിം ഡയസ് നല്‍കിയ പാസ് സ്വീകരിതച്ചായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. മത്സരത്തിന്‍റെ 40-ാം മിനിറ്റിലായിരുന്നു ഈ ഗോളിന്‍റെ പിറവി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ റയല്‍ മത്സരത്തിലെ നാലാം ഗോളും വിയ്യാറയലിന്‍റെ വലയില്‍ എത്തിച്ചിരുന്നു. ആദ്യ ഗോള്‍ നേടിയ ആര്‍ദ ഗുലെര്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളോടെയാണ് റയല്‍ ലീഡ് ഉയര്‍ത്തിയത്. ഇതോടെ 4-1 എന്ന നിലയിലാണ് ആതിഥേയര്‍ ഒന്നാം പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയില്‍ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയ വിയ്യാറയല്‍ തുടക്കത്തില്‍ തന്നെ തങ്ങളുടെ രണ്ടാമത്തെ ഗോളും നേടി. സ്‌പാനിഷ് താരം ജെറാഡ് മൊറേനൊയുടെ അസിസ്റ്റില്‍ നിന്നായിരുന്നു സൊര്‍ലോത്ത് രണ്ടാമത്തെ ഗോള്‍ നേടിയത്. 48-ാം മിനിറ്റില്‍ ആയിരുന്നു ഗോള്‍ നേട്ടം. പിന്നാലെ 52, 56 മിനിറ്റുകളിലും ഗോള്‍ നേടിക്കൊണ്ടാണ് സൊര്‍ലോത്ത് വിയ്യാറയലിനെ സ്‌പാനിഷ് ചാമ്പ്യന്മാര്‍ക്കൊപ്പമെത്തിച്ചത്. സമനിലയോടെ റയലിന് 37 കളിയില്‍ നിന്നും 94 പോയിന്‍റായി. 52 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ് വിയ്യാറയല്‍.
Also Read :പ്രീമിയര്‍ ലീഗില്‍ വീണ്ടും 'കപ്പടിച്ച്' മാഞ്ചസ്റ്റര്‍ സിറ്റി; അവസാന ദിവസം വരെ പൊരുതി വീണ് ആഴ്‌സണല്‍ - PL Champions Manchester City