ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്ഥാന് ആറ് വിക്കറ്റ് ജയം. പ്രോട്ടീസെടുത്ത 353 റൺസ് വിജയലക്ഷ്യം 49-ാം ഓവറിൽ വെറും 4 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. അതേസമയം മത്സരത്തിനിടെ അതിരുവിട്ട പ്രകടനം നടത്തിയ പാകിസ്താന്‍ താരങ്ങളുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയുടെ വിക്കറ്റെടുത്ത ശേഷം കമ്രാന്‍ ഗുലാമും സൗദ് ഷക്കീലുമാണ് അതിരുവിട്ട ആഘോഷം നടത്തിയത്. 29-ാം ഓവറിലായിരുന്നു താരം റണ്ണൗട്ടായത്. 82 റണ്‍സ് നേടിയാണ് ബാവുമ പുറത്തായത്. അപ്രതീക്ഷിതമായി വിക്കറ്റ് ലഭിച്ചപ്പോള്‍ പിച്ചിലേക്ക് ഓടിയെത്തിയ കമ്രാനും ഷക്കീലും ബാവുമയുടെ മുന്നില്‍ നിന്ന് വലിയ ശബ്ദത്തില്‍ ആഹ്ലാദപ്രകടനം നടത്തി.
താരത്തിന്‍റെ മുന്നിലേക്ക് ചാടിവീണായിരുന്നു ഇരുവരുടേയും ആഘോഷം. ഒടുവില്‍ പാക് താരം സൽമാൻ അലി ആഘ എത്തി ഇരുവരെയും മാറ്റുകയായിരുന്നു. എന്നാല്‍ അതിരുവിട്ട ആഘോഷം ബാവുമ അല്‍പ്പനേരം നോക്കി നിന്നതിനുശേഷമാണ് മടങ്ങിയത്. സംഭവത്തിൽ പാക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന് അംപയർമാരുടെ താക്കീതും കിട്ടി.
മത്സരത്തില്‍ 2022 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്നതിന്‍റെ മുൻ റെക്കോർഡും പാകിസ്ഥാൻ മറികടന്നു. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും വൈസ് ക്യാപ്റ്റൻ സൽമാൻ അലി ആഗയും മിന്നുന്ന സെഞ്ച്വറി നേടി. ലക്ഷ്യം പിന്തുടര്‍ന്നതിനിടെ 91 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബാബർ അസം 23 റൺസും സൗദ് ഷക്കീൽ 15 റൺസും ഫഖർ സമാന് 41 റൺസും നേടി.
എന്നാല്‍ നാലാം വിക്കറ്റിൽ സൽമാൻ അലി ആഗയും മുഹമ്മദ് റിസ്വാനും ചേർന്ന് 262 റൺസിന്‍റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. സൽമാൻ 103 പന്തിൽ 134 റൺസെടുത്ത് പുറത്തായപ്പോൾ, ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 122 റൺസുമായി പുറത്താകാതെ നിന്നു.
ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് പാകിസ്ഥാൻ ടീം 350 അല്ലെങ്കിൽ കൂടുതൽ എന്ന ലക്ഷ്യം മറികടക്കുന്നത്. കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക 352 റൺസ് നേടി. ക്ലാസൻ 87 റൺസും മാത്യു ബ്രെറ്റ്‌സ്‌കി 83 റൺസും ടെംബ ബവുമ 82 റൺസും നേടി. 32 പന്തിൽ നിന്ന് 44 റൺസ് നേടി പുറത്താകാതെ നിന്ന കൈൽ വെരാഗ്നെ ടീമിനെ 350 റൺസ് കടത്തിയത്.
പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനൽ ഫെബ്രുവരി 14 ന് കറാച്ചിയിൽ നടക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
Also Read:സഞ്ജുവിന്‍റെ വിരലിലെ പൊട്ടല്‍; ഐപിഎല്‍ നഷ്‌ടമായേക്കും..! ആരാധകര്‍ ഞെട്ടലില്‍ - SANJU SAMSON INJURY UPDATE