തിരുവനന്തപുരം: കേരളത്തിലെ വ്യവസായരംഗത്തെ വളർച്ചയെ പറ്റി പ്രമുഖ പത്ര മാധ്യമത്തിൽ ശശി തരൂർ എഴുതിയ ലേഖനം വലിയ രീതിയിൽ ചർച്ചയാവുകയാണ്. വാദങ്ങളും പ്രതിവാദങ്ങളുമായി നേതാക്കന്മാരുടെ സോഷ്യൽ മീഡിയയും സജീവമാണ്. ഇപ്പോഴിതാ വിഷയത്തിൽ വിമർശനവുമായി എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടി നൽകിയിരിക്കുകയാണ് തരൂർ.
എന്ത് അടിസ്ഥാനത്തിലാണ് അത്തരത്തിലൊരു ലേഖനം എഴുതിയതെന്നാണ് വിഡി സതീശൻ്റെ ചോദ്യം. വസ്‌തുതകള്‍ നിരത്തിയാണ് തരൂരിൻ്റെ മറുപടി. കേരളത്തിൽ വ്യവസായ ആനുകൂല സാഹചര്യമില്ലെന്നും ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശശി തരൂർ ലേഖനം എഴുതിയതെന്നറിയില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേരളത്തിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടു വരേണ്ടതുണ്ട്. അത് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ. ശശി തരൂർ ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത് ഞങ്ങൾക്കറിയില്ലെന്ന് വിഡി സതീശൻ വിമർശിച്ചിരുന്നു. കേരളത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിൽ പുതുതായി 3 ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നാണ് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെട്ടത്. എന്നാൽ അങ്ങനെയെങ്കിൽ ഒരു മണ്ഡലത്തിൽ ശരാശരി 2000 സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടാവില്ലേ എന്നും വിഡി സതീശൻ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വസ്‌തുതകളുടെയും രേഖകളുടെയും കണക്കുകളുടെയും തീയതികളുടെയും അടിസ്ഥാനത്തിലാണ് താൻ സംസാരിച്ചതെന്ന് തരൂർ തിരിച്ചടിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരോ കേന്ദ്രമോ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, താൻ അതിനെ വിമർശിച്ചിട്ടുണ്ടെന്നും എന്നാൽ നല്ലത് ചെയ്യുമ്പോൾ, അതിനെ പ്രശംസിക്കാതിരിക്കാൻ സാധിക്കില്ലെന്നും കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചു.
എന്നാൽ കഴിഞ്ഞ 18 മാസമായി ഇടതുപക്ഷ സർക്കാർ കേരളത്തിലെ സംരംഭകത്വം, നിക്ഷേപം, വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും, അവ സംസ്ഥാനത്തിന് വളരെ ഗുണം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞു. വ്യവസായ അന്തരീക്ഷം ഇല്ലെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദത്തിന് മറുപടിയായാണ് ഇക്കാര്യം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
കേരളത്തിൻ്റെ ഭാവിയെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കുന്നുണ്ട് എങ്കിൽ നമ്മുടെ രാഷ്‌ട്രീയ ചായ്‌വുകൾക്കപ്പുറം കാര്യങ്ങൾ കാണേണ്ടതുണ്ട്. ബിസിനസ് ചെയ്യാൻ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരാൻ കഴിയില്ല, പ്രത്യേകിച്ച് പൊതുതാൽപ്പര്യമുള്ളിടത്ത് എന്നും തരൂർ പ്രതികരിച്ചു.
അതേസമയം തരൂർ വിഷയത്തിൽ മന്ത്രി പി രാജീവും പ്രതികരണവുമായി രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് പി രാജീവ് പ്രതികരിച്ചത്.
മന്ത്രി പി രാജീവിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
കേരളം മുന്നേറണമെന്ന നമ്മുടെ നാടിന്‍റെ പൊതുവായ താൽപര്യമാണ് ശ്രീ ശശി തരൂർ എം പി കേരളത്തിന്‍റെ വ്യാവസായിക രംഗത്തെ മുന്നേറ്റത്തെ പ്രകീർത്തിക്കുന്ന ലേഖനത്തിലൂടെ മുന്നോട്ടുവെച്ചത്. എന്നാൽ ദേശീയതലത്തിലും അന്താരാഷ്‌ട്ര തലത്തിലും നിരവധി അംഗീകാരങ്ങൾ ലഭിച്ച സംരംഭകവർഷം പദ്ധതിയെ ഉൾപ്പെടെ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ഇകഴ്‌ത്തി ക്കാണിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
അദ്ദേഹം കേരളത്തിലെ സംരംഭകരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാകണം. ഐബിഎം, കോങ്ങ്‌സ്ബെർഗ്, സ്‌ട്രാഡ ഗ്ലോബൽ, നോവ്. ഐഎൻസി അർമാഡ. എഐ, സാഫ്രാൻ, ഡി സ്‌പേസ്, അഗാപ്പെ, ഭാരത് ബയോടെക്, എച്ച്‌സിഎൽ ടെക്, വിപ്രോ, ചോയിസ്, ലുലു, കല്യാൺ ഗ്രൂപ്പ് തുടങ്ങി കേരളത്തിൽ നിക്ഷേപം നടത്തുന്ന ഏതൊരാളും ഈ നാടിൻ്റെ മുന്നേറ്റത്തിനായി സർക്കാരിനൊപ്പം ഒന്നിച്ച് നിൽക്കുന്ന ഘട്ടത്തിൽ കേരളത്തിനൊപ്പം നിൽക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെങ്കിൽ അവർ ഒറ്റപ്പെടുകയാണുണ്ടാവുക.
കേരളം മുന്നേറും.. സർക്കാർ ഒപ്പമുണ്ട്.. എന്നാണ് മന്ത്രി ഫേസ് ബുക്കിൽ കുറിച്ചത്.
ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ‘ചെയ്‌ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തിലാണ് കണക്കുകൾ ഉദ്ധരിച്ച് കേരളത്തിൻ്റെ വ്യവസായ രംഗത്തെപറ്റി വിവരിച്ചത്. ആഗോള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ റിപ്പോർട്ട് (2024) പ്രകാരം സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയെക്കാള്‍ അഞ്ചിരട്ടിയാണ് എന്നുള്‍പ്പെടെയുള്ള കണക്കുകളും ലേഖനത്തിൽ പങ്കുവച്ചിരുന്നു.