സെന്‍റ് ലൂസിയ:ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തിനാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. കരുത്തരായ ഓസ്‌ട്രേലിയയെ ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നത്തെ മത്സരത്തില്‍ ജയം നേടാനായാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അവസാന നാലില്‍ ഇടം പിടിക്കാം.
തോല്‍വിയാണ് ഫലമെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ഇന്ത്യയുടെ സെമി ബെര്‍ത്ത് ഏറക്കുറെ ഉറപ്പാണ്. മത്സരം മഴയെടുത്താലും ഇന്ത്യ സെമിയില്‍ കടക്കും. ഇതോടെ, സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി ആരെത്തുമെന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.
സൂപ്പര്‍ എട്ടിലെ രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് സെമിയില്‍ പ്രവേശിച്ചിട്ടുള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടായിരുന്നു രണ്ടാം സ്ഥാനക്കാര്‍.
ഇന്ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാകും. ഇങ്ങനെ വന്നാല്‍, കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലിലെ തനിയാവര്‍ത്തനാമകും ഇത്തവണയും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാകും ടീം ഇന്ത്യയുടെ എതിരാളികളായി എത്തുക.
2022ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിനായിരുന്നു തോല്‍വി ഏറ്റുവാങ്ങിയത്. പിന്നാലെ ഫൈനലില്‍ പാകിസ്ഥാനെ വീഴ്‌ത്തി അവര്‍ക്ക് കിരീടം നേടാനുമായിരുന്നു.
ഇനി ഇന്ന് ഓസ്ട്രേലിയ വൻ മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ പിന്നിലാക്കിയാല്‍ ദക്ഷിണാഫ്രിക്കയാകും സെമിയില്‍ രോഹിത് ശര്‍മയുടെയും കൂട്ടരുടെയും എതിരാളി. 2014ലെ ടി20 ലോകകപ്പ് സെമിയില്‍ ഇരു ടീമും നേരത്തെ ഏറ്റുമുട്ടിയിട്ടുണ്ട്. അന്ന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ട് സെമിയിലേക്ക് മുന്നേറാൻ ഇന്ത്യൻ ടീമിനായിരുന്നു.
Also Read :പടയോട്ടം തുടരാൻ രോഹിതും കൂട്ടരും, സെമി പ്രതീക്ഷ കാക്കാൻ കങ്കാരുപ്പട; സൂപ്പര്‍ എട്ടില്‍ ഇന്ന് വമ്പന്‍ പോര് - India vs Australia Match Preview