ന്യൂയോര്‍ക്ക്:ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ടൂര്‍ണമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് രോഹിത് ശര്‍മയുടെ ടീം ലക്ഷ്യം വയ്‌ക്കുന്നത്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ കീഴടക്കിയത്. നാല് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍, നാല് ഓള്‍റൗണ്ടര്‍മാര്‍, മൂന്ന് പേസര്‍മാര്‍ എന്ന ഫോര്‍മേഷനിലായിരുന്നു ഇന്ത്യ അയര്‍ലന്‍ഡിനെതിരെ കളിച്ചത്. കരുത്തുറ്റ പാക് പേസ് നിരയ്‌ക്ക് എതിരെ ടീം ഫോര്‍മേഷനില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരിക്കുന്നത്.
ഇതോടെ മലയാളി താരം സഞ്‌ജു സാംസണ് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ കൂടിയാവും ഇന്ത്യ കളിപ്പിക്കുക. അങ്ങനെയെങ്കില്‍ യശസ്വി ജയ്സ്വാളോ സഞ്ജു സാംസണോ ആവും ടീമിലേക്ക് എത്തുക. ഇടങ്കയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ യശസ്വിയ്‌ക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ മധ്യനിരയിലേക്ക് ഒരു പവര്‍ഹിറ്ററെയാണ് വേണ്ടതെങ്കില്‍ സഞ്‌ജുവാകും ഇറങ്ങുക.