കോട്ടയം:ടോക്കിയോ ഒളിമ്പിക്‌സിലെ പിഴവിന് മധുര പ്രതികാരം ചെയ്‌ത് പാരിസില്‍ ഫൈനലിലെത്തിയ മനു ഭാക്കറിന് നിര്‍ണായക മല്‍സരത്തില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ കഴിയണമെന്ന് ഇന്ത്യന്‍ മുന്‍ ഷൂട്ടിങ്ങ് കോച്ച് പ്രൊഫസര്‍ സണ്ണി തോമസ്. ഇടിവി ഭാരതിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം മനു ഭാക്കറിന്‍റെ പ്രകടനവും സാധ്യതകളും വിലയിരുത്തി.
"പാരീസില്‍ മൂന്ന് ഇനങ്ങളില്‍ മല്‍സരിക്കുന്ന മനു ഭാക്കറിന്‍റെ ഏറ്റവും പ്രധാന ഇനമാണ് വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍. ഈ ഇനത്തില്‍ മനു പങ്കെടുക്കുന്ന രണ്ടാം ഒളിമ്പിക്‌സാണിത്. ആദ്യ ഒളിമ്പിക്‌സില്‍ സ്വാഭാവികമായും താരങ്ങള്‍ക്ക് സമ്മര്‍ദവും പിരിമുറുക്കവും ഒക്കെ കാണും. പക്ഷേ മനു ഭാക്കര്‍ അത് മറികടന്നു കഴിഞ്ഞു. കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സില്‍ പിസ്റ്റളിന് നേരിട്ട തകരാര്‍ കണക്കിലെടുത്ത മനു ഭാക്കര്‍ ഇത്തവണ നല്ല ഒരുക്കത്തോടെ എല്ലാ സന്നാഹത്തോടെയുമാണ് പാരീസിലെത്തിയത്. "
ഒരു ഒളിമ്പിക്സില്‍ പങ്കെടുത്തതു കൊണ്ട് ഷൂട്ടിങ്ങ് താരങ്ങള്‍ക്ക് സമ്മര്‍ദം ഇല്ലാതാവുന്നില്ലെന്നും പ്രതീക്ഷകളും പിരിമുറുക്കവും ഓരോ ചാമ്പ്യന്‍ഷിപ്പ് കഴിയുമ്പോഴും ഏറുകയാണ് ചെയ്യുകയെന്നും സണ്ണി തോമസ് പറഞ്ഞു. " ഓരോ ഒളിമ്പിക്‌സും ഓരോ അനുഭവമാണ്. ഓരോ മല്‍സരത്തിലും ടെന്‍ഷന്‍ കൂടി വരും.
പുതുമുഖങ്ങള്‍ക്ക് ആദ്യമായി ഒളിമ്പിക് വേദിയിലെത്തുന്നതിന്‍റെ പരിഭ്രമമാണെങ്കില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് ഫോം നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള ചിന്തകളാവും. ഇത്തവണ പാരീസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 17 പേരുടേയും കന്നി ഒളിമ്പിക്‌സാണിത്. 4 പേര്‍ക്ക് മുന്‍ പരിചയമുണ്ട്. പക്ഷേ ആര്‍ക്കും സമ്മര്‍ദമില്ലാതെ കളിക്കാനാവുമെന്ന് കരുതേണ്ട. ടെന്‍ഷനെതിരെയല്ല പൊരുതേണ്ടത്. സമ്മര്‍ദത്തോടെ പൊരുതാന്‍ ശീലിക്കുകയാണ് വേണ്ടത്.