ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് മുതല്‍ തുടക്കം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിക്കും.
രണ്ടാം ദിനമായ നാളെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. തന്‍റെ തുടർച്ചയായ എട്ടാമത്തെ ബജറ്റും മൂന്നാം മോദി സർക്കാരിന്‍റെ രണ്ടാമത്തെ ബജറ്റുമാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്‌ച പാർലമെന്‍റില്‍ രാഷ്‌ട്രപതി മുർമുവിന്‍റെ പ്രസംഗം ഇരുസഭകളും ചർച്ച ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കായി ലോക്‌സഭ രണ്ട് ദിവസം (ഫെബ്രുവരി 3-4) താൽക്കാലികമായി അനുവദിച്ചിട്ടുണ്ട്. രാജ്യസഭ ചർച്ചയ്ക്കായി മൂന്ന് ദിവസം നീക്കിവച്ചിട്ടുണ്ട്. ഫെബ്രുവരി 6 ന് രാജ്യസഭയിൽ നടക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെയാണ് നടക്കുന്നത്. ഒമ്പത് സിറ്റിങ്ങുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. രണ്ടാംഘട്ടം മാർച്ച് 10 മുതല്‍ ഏപ്രില്‍ നാല് വരെയാണ്. ഈ ഘട്ടത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍റ് ആവശ്യങ്ങൾ ചർച്ച ചെയ്യുകയും ബജറ്റ് പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യും.
ഈ ബജറ്റ് സമ്മേളനത്തില്‍ ആകെ 27 സിറ്റിങ്ങുകൾ ഉണ്ടാകും. സാമ്പത്തിക വളർച്ചയിലെ മാന്ദ്യം, യുഎസ് ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച, ഉപഭോഗ ആവശ്യകതയിലെ നിയന്ത്രണം എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികളെ ബജറ്റ് നേരിടേണ്ടിവരും. 2025 സാമ്പത്തിക വർഷത്തിൽ സാമ്പത്തിക വളർച്ച 4 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനത്തിലേക്ക് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
2019 -ൽ ലോകത്തെ ബാധിച്ച കൊവിഡ് മഹാമാരിയ്‌ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. അതേസമയം പ്രയാഗ്‌രാജില്‍ മഹാ കുംഭമേളയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ച സംഭവം സഭയില്‍ ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. ബജറ്റ് സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു ജനുവരി 30-ന് പാർലമെന്‍റിൽ രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.