കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ മുന്‍ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ (Sourav Ganguly ) വീട്ടില്‍ മോഷണം. ഗാംഗുലിയുടെ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോണാണ് മോഷണം പോയത്. ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്‌തിട്ടുള്ള ഫോണില്‍ വിഐപി നമ്പറുകളും നിര്‍ണായകമായ വ്യക്തിഗത വിവരങ്ങളും ഉണ്ടെന്നാണ് വിവരം.
സംഭവത്തില്‍ 51-കാരനായ ഗാംഗുലി താക്കൂർപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബെഹാല ചൗരസ്‌തയില്‍ സ്ഥിതി ചെയ്യുന്ന ഗാംഗുലിയുടെ വീട്ടിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയിന്‍റിങ് ജോലികൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് നിര്‍ണായക വിവരങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ മോഷണം പോയിരിക്കുന്നത്. വീട്ടില്‍ പെയിന്‍റിങ് ജോലിക്ക് എത്തിയവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
ജനുവരി 19-ന് രാവിലെ 11.30-നാണ് താൻ അവസാനമായി ആ ഫോണ്‍ കണ്ടതെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്. "എന്‍റെ ഫോൺ വീട്ടിൽ നിന്നും മോഷണം പോയതായി ഞാന്‍ കരുതുന്നു. ജനുവരി 19ന് രാവിലെ 11.30ഓടെയാണ് ഞാൻ അവസാനമായി ആ ഫോൺ കണ്ടത്.
വീട്ടില്‍ തെരച്ചില്‍ നടത്തി ആ ഫോൺ കണ്ടെത്താൻ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിട്ടില്ല. ഫോൺ നഷ്‌ടപ്പെട്ടതിൽ വലിയ ആശങ്കയുണ്ട്. കാരണം ഫോണില്‍ നിരവധി കോൺടാക്റ്റ് നമ്പറുകളുണ്ട്. വ്യക്തിഗത വിവരങ്ങളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ആക്‌സസുമുണ്ട്" - ഗാംഗുലി തന്‍റെ പരാതിയില്‍ പറഞ്ഞതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.