റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും യുപി വാരിയേഴ്‌സും തമ്മിലേറ്റുമുട്ടിയ വനിത പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരം. 158 റണ്‍സ് വിജയലക്ഷ്യം യുപി വാരിയേഴ്‌സ് അനായാസം മറികടക്കുമെന്നാണ് കളി കണ്ടിരുന്ന കടുത്ത ആര്‍സിബി ആരാധകര്‍ പോലും ഒരുഘട്ടത്തില്‍ കരുതിയത്. എന്നാല്‍, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിയുടെ വിധി മാറ്റിയെഴുതിയത് മലയാളിയായ ശോഭന ആശയുടെ ഒരു ഓവറായിരുന്നു.
ഏഴ് വിക്കറ്റ് കയ്യിലിരിക്കെ അവസാന നാല് ഓവറില്‍ 32 റണ്‍സായിരുന്നു ആര്‍സിബിയ്‌ക്കെതിരായ മത്സരം സ്വന്തമാക്കാൻ യുപി വാരിയേഴ്‌സിന് വേണ്ടിയിരുന്നത്. ഇന്ത്യൻ പേസര്‍ രേണുക സിങ്, ജോര്‍ജിയ വെയര്‍ഹാം എന്നിവര്‍ക്കെല്ലാം ഓവറുകള്‍ ബാക്കി. എന്നാല്‍, 17-ാം ഓവര്‍ പന്തെറിയാനായി ആര്‍സിബി ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന പന്തേല്‍പ്പിച്ചത് തിരുവനന്തപുരത്തുനിന്നുള്ള 32കാരിയായ സ്‌പിന്നര്‍ ശോഭന ആശയെ.
ആ ഓവറിലെ ആദ്യ പന്തില്‍ ശ്വേത സെഹ്‌റാവത്തിനെ മടക്കി. പിന്നാലെ, ഗ്രേസ് ഹാരിസും കിരണ്‍ നവ്‌ഗിരയും അതേ ഓവറില്‍ തന്നെ പുറത്തായി. ഇതോടെ, കൈവിട്ടെന്ന് തോന്നിപ്പിച്ച കളി ആര്‍സിബിയ്‌ക്ക് തിരികെ നല്‍കിയാണ് ശോഭന ആശ തന്‍റെ സ്പെല്‍ അവസാനിപ്പിച്ചത്.
ശോഭന ആശയുടെ യുപി വാരിയേഴ്‌സിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം വിമൻസ് പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്താളുകളില്‍ കൂടിയാണ് ഇടം പിടിച്ചത്. എളുപ്പമായിരുന്നില്ല ആശയുടെ ഇതുവരെയുള്ള യാത്ര. താരത്തിന്‍റെ ജിവിതത്തെ കുറിച്ച് കൂടുതല്‍ അറിയാം.
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം, ഒരിക്കല്‍ ഒരു ക്രിക്കറ്റ് ട്രയല്‍സില്‍ പങ്കെടുക്കാനായി ശോഭന ആശ പോയിരുന്നു. അതുകഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആരെയും കാണാനില്ല. ആശയുടെ അച്ഛനും അമ്മയും പോയത് മകളെ കാണാനില്ലെന്ന പരാതി പൊലീസ് സ്റ്റേഷനില്‍ നല്‍കാൻ.
പാല്‍ പാക്കറ്റുകളില്‍ പഴയ പേപ്പര്‍ നിറച്ചാണ് ആദ്യം ശോഭന ആശ പന്തെറിഞ്ഞ് തുടങ്ങിയത്. ദിവസവും പരിശീലനത്തിനായി പോയി വരാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല താരവും കുടുംബവും. ആശയുടെ കഴിവ് മനസിലാക്കിയ പരിശീലകര്‍ താരത്തിന്‍റെ കഷ്‌ടപ്പാടുകള്‍ തിരിച്ചറിഞ്ഞ് വേണ്ട കാര്യങ്ങള്‍ ചെയ്‌തു. അങ്ങനെ, പരിശീലകര്‍ ദിവസവും ബസ് ചാര്‍ജിനുള്ള പണം നല്‍കാമെന്ന് അറിയിച്ചതോടെ ശോഭന ആശ കൃത്യമായി പരിശീലനവും തുടങ്ങി.
2007-2008 കാലഘട്ടത്തില്‍ കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങിയ ശോഭന ആശ പിന്നീട് റെയില്‍വേസിനായും പോണ്ടിച്ചേരിക്കായും കളി തുടര്‍ന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പലപ്പോഴും മികച്ച പ്രകടനം നടത്താൻ താരത്തിനായി. ഒടുവില്‍ വനിത പ്രീമിയര്‍ ലീഗിന് അരങ്ങൊരുങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ സീസണില്‍ തന്നെ ആശയെ സ്വന്തമാക്കുകയും ചെയ്‌തു.
Also Read :ദേ പിന്നേം മലയാളി...! ശോഭന ആശയ്‌ക്ക് അഞ്ച് വിക്കറ്റ്, യുപി വാരിയേഴ്‌സിനെ തകര്‍ത്ത് ആര്‍സിബി
ആദ്യ സീസണില്‍ ആര്‍സിബിയ്‌ക്കായി മികവിലേക്ക് ഉയരാൻ താരത്തിനായില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റ് മാത്രമായിരുന്നു ശോഭന ആശ വനിത പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പതിപ്പില്‍ നേടിയത്. എങ്കിലും ആശയിലുള്ള വിശ്വാസം കൈവിടാൻ ആര്‍സിബി ടീം മാനേജ്‌മെന്‍റ് തയ്യാറായില്ല. അതിനുള്ള മറുപടിയാണ് രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ശോഭന ആശ ആര്‍സിബിയ്‌ക്ക് സമ്മാനിച്ചതും.