മുംബൈ: വാങ്കഡെയില്‍ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 263 റൺസെടുത്തു പുറത്ത്. കിവീസിനെതിരേ 28 റണ്‍സിന്‍റെ ലീഡാണുള്ളത്. 70 പന്തില്‍ 106 റണ്‍സെടുത്ത ശുഭ്‌മന്‍ ഗില്ലും 59 പന്തില്‍ 60 റണ്‍സെടുത്ത റിഷഭ് പന്തും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.
അവസാനം പൊരുതിയ വാഷിങ്ടൻ സുന്ദർ 36 പന്തിൽ 38 റൺസെടുത്തു. കൂടാതെ 52 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടിയ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും മികച്ച സംഭാവന നല്‍കി. മൂന്നു മത്സര പരമ്പരയില്‍ ഇതാദ്യമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുന്നത്.
ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ(18), വിരാട് കോലി(4), സര്‍ഫറാസ് ഖാന്‍(0), രവീന്ദ്ര ജഡേജ(14), രവിചന്ദ്രന്‍ അശ്വിന്‍(6) എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ന്യൂസിലന്‍ഡിനു വേണ്ടി 98 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ തെറുപ്പിച്ച അജാസാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത്. മാറ്റ് ഹെന്‍ററി, ഗ്ലെന്‍ ഫിലിപ്‌സ്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ന്യൂസീലൻഡ് നേരത്തെ തന്നെ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കി. 86 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് അതിവേഗം 4 വിക്കറ്റുകള്‍ നഷ്ടമായി.