വഡോദര:മെൻസ് അണ്ടര്‍ 23 സ്റ്റേറ്റ് എ ട്രോഫിയില്‍ ഒരാഴ്‌ചയ്‌ക്കിടെ രണ്ടാം ഇരട്ടസെഞ്ച്വറിയുമായി സമീര്‍ റിസ്വി. വഡോദരയില്‍ വിദര്‍ഭയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് ഉത്തര്‍ പ്രദേശ് നായകൻ കൂടിയായ റിസ്വിയുടെ വെടിക്കെട്ട് പ്രകടനം. യുപി 407 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരത്തില്‍ 105 പന്തില്‍ പുറത്താകാതെ 202 റണ്‍സാണ് റിസ്വി അടിച്ചുകൂട്ടിയത്.
നേരത്തെ, ത്രിപുരയ്‌ക്കെതിരെയായിരുന്നു റിസ്വിയുടെ ഇരട്ടസെഞ്ച്വറി പ്രകടനം. ഈ മത്സരത്തില്‍ 97 പന്ത് നേരിട്ട് പുറത്താകാതെ 201 റണ്‍സായിരുന്നു താരം നേടിയത്. വിദര്‍ഭയ്‌ക്കെതിരെയും ഡബിള്‍ സെഞ്ച്വറിയടിച്ചതോടെ അണ്ടര്‍ 23 എ സ്റ്റേറ്റ് ട്രോഫിയില്‍ രണ്ട് ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ താരമായും സമീര്‍ റിസ്വി മാറി.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിദര്‍ഭ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 406 റണ്‍സ് നേടിയത്. ക്യാപ്‌റ്റൻ എംഡി ഫായിസ് (62 പന്തില്‍ 100), ദിനേഷ് മലേശ്വര്‍ (123 പന്തില്‍ 142) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളായിരുന്നു വിദര്‍ഭയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. 26 പന്തില്‍ 61 റണ്‍സടിച്ച് ജഗ്‌ജോത്തും വിദര്‍ഭയ്ക്കായി തിളങ്ങി.
വിദര്‍ഭ ഉയര്‍ത്തിയ കൂറ്റൻ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഉത്തര്‍പ്രദേശിനായി ശൗര്യ സിങ്ങും സ്വാസ്‌തിക്കും ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ തന്നെ ഇരുവരും ചേര്‍ന്ന് സെഞ്ച്വറിക്കൂട്ടുകെട്ടുണ്ടാക്കി. ടീം ടോട്ടല്‍ 106ല്‍ നില്‍ക്കെ യുപിയ്‌ക്ക് 28 പന്തില്‍ 41 റണ്‍സ് നേടിയ സ്വാസ്‌തിക്കിനെ നഷ്‌ടമായി. പിന്നാലെ, 42 പന്തില്‍ 62 റണ്‍സടിച്ച ശൗര്യ സിങ്ങും മടങ്ങി.