ന്യൂഡൽഹി: ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ തുടക്കം കുറിക്കുന്നത്. നാളെ ദുബായിലെ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:30 ന് കളി ആരംഭിക്കും, ടോസ് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റേയും ഹെഡ്-ടു-ഹെഡ് സ്ഥിതിവിവരക്കണക്കുകൾ നമുക്ക് നോക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ:
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഇതുവരെ ആകെ 41 മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യ 32 മത്സരങ്ങളിൽ വിജയിച്ചു, അതേസമയം ബംഗ്ലാദേശിന് ഇന്ത്യയ്‌ക്കെതിരെ 8 ഏകദിന മത്സരങ്ങളിൽ മാത്രമേ ജയിക്കാൻ കഴിഞ്ഞുള്ളൂ. ഒരു മത്സരം അനിശ്ചിതത്വത്തിലായിരുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിന്‍റെ 27 വർഷത്തെ ചരിത്രത്തിൽ ഇരുടീമുകളും ഒരിക്കൽ മാത്രമേ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളൂ. അതില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ വിജയം നേടിയിരുന്നു. 2017 ലെ ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത്. മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്‌തു.
മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 264/7 റൺസ് നേടി. 265/1 എന്ന സ്കോർ നേടി 9 വിക്കറ്റിന് വിജയിച്ചുകൊണ്ട് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ രോഹിത് ശർമ്മ പുറത്താകാതെ 123 റൺസും വിരാട് കോലി പുറത്താകാതെ 96 റൺസും നേടി. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ രണ്ടാം തവണയാണ് ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ വരുന്നത്.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്.
ബംഗ്ലാദേശ്: സൗമ്യ സർക്കാർ, തൻജിദ് ഹസൻ, നജ്മുൾ ഹൊസൈൻ ഷാന്റോ (ക്യാപ്റ്റൻ), മുഷ്ഫിഖുർ റഹിം, മഹ്മുദുള്ള, മെഹ്ദി ഹസൻ മിറാസ്, തൗഹിദ് ഹൃദോയ് തസ്കിൻ അഹമ്മദ്, തൻസിം ഹസൻ സാകിബ്, നഹിദ് റാണ, മുസ്തഫിസുർ റഹ്മാൻ.