ഇടുക്കി: മൂന്നാര്‍ ടോപ്പ് സ്‌റ്റേഷന്‍ റോഡില്‍ എക്കോ പോയിന്‍റിന് സമീപം വിനോദസഞ്ചാര ബസ് മറിഞ്ഞ് മൂന്ന് മരണം. തമിഴ്‌നാട്ടിലെ നാഗര്‍കോവിലിൽ നിന്നുള്ള വിദ്യാര്‍ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ ആദിക (19), വേണിക (19), സുതന്‍ (19) എന്നിവരാണ് മരിച്ചത്.
ഇന്ന് (ഫെബ്രുവരി 19) ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബസ് മറിയുന്നതിനിടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തേനി മെഡിക്കൽ കോളജിലേക്കുള്ള വഴിയേ ആണ് സുതന്‍റെ മരണം.
കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെട്ടതെന്നും പൊലീസ് പറഞ്ഞു. പൊലീസിനൊപ്പം ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ എക്കോ പോയിന്‍റിലാണ് അപകടമുണ്ടായത്. 40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ മൂന്നാര്‍, അടിമാലി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇവരുടെ പരിക്ക് ഗുരുതരമല്ല. അതേസമയം അപകടകാരണം വ്യക്തമല്ല. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ ബസ് മാട്ടുപെട്ടിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
Also Read: പഞ്ചാബിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്