ന്യൂഡല്‍ഹി: ഭരണകക്ഷിയായ സിപിഎമ്മിന്‍റെ യുവജന വിഭാഗം ഡിവൈഎഫ്ഐ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ തങ്ങളുടെ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചു. അടുത്ത മാസം തിരുവനന്തപുരത്താണ് മേള. കേരളത്തിലെ ഭരണകൂടത്തിന്‍റെ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനമെഴുതി ശശി തരൂര്‍ പുലിവാല് പിടിച്ചതിന് പിന്നാലെയാണ് ഡിവഐഎഫ്‌ഐയുടെ ക്ഷണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനും സിപിഎമ്മിന്‍റെ രാജ്യസഭാംഗവുമായ എ എ റഹീം, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്രകമ്മിറ്റിയംഗം എം ഷാജര്‍ എന്നിവര്‍ ഡല്‍ഹിയില്‍ നേരിട്ടെത്തി തരൂരിനെ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്. മാര്‍ച്ച് ഒന്നിനും രണ്ടിനുമാണ് പരിപാടി.
സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവല്‍ എന്നത് ഒരു മികച്ച ആശയമാണെന്ന് അദ്ദേഹം തങ്ങളോട് പറഞ്ഞെന്ന് നേതാക്കള്‍ പിന്നീട് പ്രതികരിച്ചു. താനൊരിക്കലും രാഷ്‌ട്രീയകണ്ണിലൂടെ വികസനത്തെ വീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ആ ദിവസം മുന്‍നിശ്ചയിച്ച മറ്റ് പരിപാടികളുള്ളതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.
യുവജന സംരംഭകത്വ മേളയായ മാവാസോ 2025 മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ക്ഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പ്രതികരിച്ചു. ക്ഷണം തരൂര്‍ നിരസിച്ചെങ്കിലും ഇതിനെ ഏറെ രാഷ്‌ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ വീക്ഷിക്കുന്നത്.
നിലപാടില്‍ ഉറച്ച് ശശി തരൂര്‍
കേന്ദ്രത്തിന്‍റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ തന്‍റെ നിലപാടുകൾ തിരുത്താൻ തയാറാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് താൻ ലേഖനം എഴുതിയത്. ഇതുരണ്ടും സിപിഎമ്മിന്‍റേത് അല്ലല്ലോ? വേറെ സ്രോതസിൽ നിന്ന് വേറെ വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയ്യാറാണ്.
കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയെ സംബന്ധിച്ചും തരൂര്‍ പ്രതികരിച്ചു. കൂടിക്കാഴ്‌ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്‌ചയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി നിരന്തരം എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്‌ത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുകയും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ തലവേദന സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. കേരളത്തിന്‍റെ സംരംഭക വളർച്ചയെ പ്രശംസിച്ചുകൊണ്ട് തരൂര്‍ ലേഖനം എഴുതിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ പ്രവർത്തക സമിതി അംഗത്വം രാജിവയ്‌ക്കണമെന്നതടക്കമുള്ള സമ്മർദം ശക്തമാകുമ്പോഴും തന്‍റെ നിലപാടിൽ തരൂര്‍ ഉറച്ചുനിന്നിരുന്നു.
തരൂരിന്‍റെ ലേഖനം സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കുകയാണെങ്കിലും അത് അടഞ്ഞ അധ്യായമാണെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. ഇതിനിടെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശശി തരൂരുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഒരു ദേശീയ ദിനപ്പത്രത്തില്‍ വന്ന തന്‍റെ ലേഖനത്തിന് രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ചില മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്‌തതെന്നും അദ്ദേഹം വിശദീകരിച്ചു.