കേരളം

kerala

ETV Bharat / sports

'ശുഭ്‌മാൻ ഗില്‍ ഭാവിയില്‍ ഇന്ത്യൻ ടീമിനെയും നയിക്കും': റോബിൻ ഉത്തപ്പ - Robin Uthappa On Shubman Gill - ROBIN UTHAPPA ON SHUBMAN GILL

ഐപിഎല്ലിലെ പ്രകടനങ്ങള്‍ക്ക് പിന്നാലെ ശുഭ്‌മാൻ ഗില്ലിന്‍റെ നായകമികവിനെ വാഴ്‌ത്തി ഇന്ത്യയുടെ മുന്‍ താരം റോബിൻ ഉത്തപ്പ.

SHUBMAN GILL CAPTAINCY  PBKS VS GT  INDIAN CRICKET TEAM  ശുഭ്‌മാൻ ഗില്‍
SHUBMAN GILL CAPTAINCY PBKS VS GT INDIAN CRICKET TEAM ശുഭ്‌മാൻ ഗില്‍

By ETV Bharat Kerala Team

Published : Apr 22, 2024, 2:19 PM IST

മൊഹാലി:ഭാവിയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ശുഭ്‌മാൻ ഗില്ലിന്‍റെ നേതൃത്വത്തില്‍ കളിക്കാൻ ഇറങ്ങുമെന്ന വമ്പൻ പ്രവചനവുമായി മുൻ താരം റോബിൻ ഉത്തപ്പ. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ നായകനാണ് ശുഭ്‌മാൻ ഗില്‍. സീസണില്‍ ഗില്ലിന് കീഴില്‍ ഗുജറാത്ത് നാലാം ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് റോബിൻ ഉത്തപ്പയുടെ പ്രതികരണം.

'ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ച ഏറ്റവും മികച്ച സമ്മാനങ്ങളില്‍ ഒന്നാണ് ശുഭ്‌മാൻ ഗില്‍. ടീമിനുള്ളില്‍ നിന്നും എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായി പക്വത പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ആണ് ഗില്‍ എന്നാണ് ഞാൻ കരുതുന്നത്. ക്രിക്കറ്റിലുള്ള അവന്‍റെ വളര്‍ച്ച നമ്മള്‍ കണ്ടതാണ്.

ഇപ്പോള്‍, അവനിലെ ക്യാപ്‌റ്റന്‍റെ വളര്‍ച്ചയും നമ്മള്‍ കാണുകയാണ്. ഐപിഎല്ലില്‍ മാത്രമല്ല, സമീപഭാവിയില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും അവനാകും നയിക്കുക'- റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു.

അതേസമയം, പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അഞ്ച് പന്ത് ശേഷിക്കെയാണ് വിജയത്തിലേക്ക് എത്തിയത്.

രാഹുല്‍ തെവാട്ടിയയുടെ തകര്‍പ്പൻ പ്രകടനമായിരുന്നു ഗുജറാത്തിന്‍റെ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 18 പന്ത് നേരിട്ട താരം പുറത്താകാതെ 36 റണ്‍സായിരുന്നു നേടിയത്. ഗുജറാത്തിന് വേണ്ടി നായകൻ ശുഭ്‌മാൻ ഗില്‍ 35 റണ്‍സും നേടിയിരുന്നു.

സാഹചര്യത്തിന് അനുസരിച്ചുള്ള പ്രകടനമാണ് ഗില്‍ പഞ്ചാബിനെതിരെ കാഴ്‌ചവെച്ചതെന്നും റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടിരുന്നു. ഒരു വശത്ത് നിലയുറപ്പിച്ച് കളിക്കുന്ന ഗില്ലിന് മറുവശത്ത് തകര്‍ത്തടിക്കുന്ന ഒരു ബാറ്ററെയാണ് ആവശ്യം. പഞ്ചാബിനെതിരെ അതിവേഗം റണ്‍സ് നേടാനുള്ള ശ്രമത്തിനിടെയാണ് ഗില്ലിന്‍റെ വിക്കറ്റ് നഷ്‌ടമായതെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

Also Read :ഹോം ഗ്രൗണ്ടിലെ തോല്‍വിയ്‌ക്ക് 'മധുരപ്രതികാരം'; പഞ്ചാബിനെ എറിഞ്ഞൊതുക്കി അടിച്ച് ജയിച്ച് ഗുജറാത്ത് ടൈറ്റൻസ് - PBKS Vs GT Result

'മികച്ച ഇന്നിങ്‌സാണ് അവൻ കാഴ്‌ചവെച്ചത്. ഗുജറാത്തിന് ജയത്തിലേക്ക് എത്താൻ ഏത് രീതിയിലാണോ ബാറ്റ് ചെയ്യേണ്ടിയിരുന്നത്, ആ രീതിയിലാണ് ഗില്‍ ബാറ്റ് ചെയ്‌തത് എന്നാണ് ഞാൻ കരുതുന്നത്. തന്നിലുള്ള സമ്മര്‍ദം കുറയ്‌ക്കാൻ മറുവശത്ത് കുറച്ചുകൂടി ആക്രമിച്ച് കളിക്കുന്ന ഒരു ബാറ്ററെ ഗില്ലിന് ആവശ്യമാണ്.

ആക്രമിച്ച് കളിക്കാനുള്ള ശ്രമത്തിനിടെയാണ് അവന് അവിടെ വിക്കറ്റ് നഷ്‌ടമായത്. ഇവിടെ, സായ് സുദര്‍ശൻ ആണ് അങ്ങനെ ബാറ്റ് ചെയ്യേണ്ടത്. ഗില്‍ തന്‍റെ ശൈലിയില്‍ മാറ്റം വരുത്തേണ്ടതില്ല. ശരിയായ സമയത്ത് തന്നെ സായ് സുദര്‍ശൻ ഗിയര്‍ ചേഞ്ച് ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ വന്നാല്‍ ഇവരുടെ കോമ്പോ കൂടുതല്‍ മികച്ചതായിരിക്കും'- റോബിൻ ഉത്തപ്പ പറഞ്ഞു.

ABOUT THE AUTHOR

...view details