ബെംഗളൂരു :ജീവിതത്തില്‍ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം സ്റ്റേഡിയത്തില്‍ എത്തി നേരിട്ട് കണ്ടതിന്‍റെ ത്രില്ലിലാണ് കന്നഡ ചലച്ചിത്ര താരവും സംവിധായകനുമായ റിഷഭ് ഷെട്ടി. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ജീവൻമരണപ്പോരാട്ടം കാണാൻ വേണ്ടിയായിരുന്നു റിഷഭ് ഷെട്ടിയും എത്തിയത്. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരം ആയിരുന്നു ഇത്. ഒരു ജയം നേടുകയോ അല്ലെങ്കില്‍ 18 റണ്‍സില്‍ താഴെ പരാജയപ്പെടുകയോ ചെയ്‌താല്‍ പ്ലേഓഫിന് യോഗ്യത നേടാം എന്നതായിരുന്നു മത്സരത്തില്‍ സന്ദര്‍ശകരായ ചെന്നൈയുടെ അവസ്ഥ. മറുവശത്ത്, ചെന്നൈയെ 18 റണ്‍സിലധികം മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമായിരുന്നു ആതിഥേയരായ ആര്‍സിബിയുടെ സാധ്യതകള്‍.
ഇരു ടീമിനും ജീവൻമരണപ്പോരാട്ടമായ മത്സരം, വിരാട് കോലി-എംഎസ് ധോണി എന്നീ സ്റ്റാറുകള്‍ നേര്‍ക്കുനേര്‍ പോരടിക്കുന്നു, ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഫൈനലോളം ആവേശമായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിനും. അതുകൊണ്ട് തന്നെ നിരവധി പ്രമുഖരും മത്സരം കാണാനായെത്തി. റിഷഭ് ഷെട്ടിയ്‌ക്ക് പുറമെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആര്‍സിബി വനിത ടീം അംഗങ്ങള്‍ എന്നിവരും ഗാലറിയില്‍ കളി കാണാൻ ഉണ്ടായിരുന്നു.