കിരീടത്തോടെ തന്നെ പുതിയ സീസണ് തുടക്കമിട്ടിരിക്കുകയാണ് സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരും തമ്മിലുള്ള യുവേഫ സൂപ്പര്‍ കപ്പില്‍ ഇറ്റാലിയൻ ക്ലബ് അറ്റ്‌ലാന്‍റയെ തോല്‍പ്പിച്ചാണ് റയല്‍ ഈ സീസണിന്‍റെ തുടക്കം ഗംഭീരമാക്കിയിരിക്കുന്നത്. പോളണ്ടിലെ പിജിഇ നരോഡോവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയല്‍ മാഡ്രിഡിന്‍റെ ജയം.
റയല്‍ മാഡ്രിഡിന്‍റെ വെള്ളക്കുപ്പായത്തില്‍ ആദ്യ ഗോളടിച്ച കിലിയൻ എംബാപ്പെയ്‌ക്കൊപ്പം ഫെഡറിക്കോ വാല്‍വെര്‍ദേയും മത്സരത്തില്‍ സ്കോര്‍ ചെയ്‌തു. ഇത് ആറാം തവണയാണ് റയല്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2002, 2014, 2016, 2017, 2022, 2024 വര്‍ഷങ്ങളിലായിരുന്നു ലോസ് ബ്ലാങ്കോസിന്‍റെ കിരീട നേട്ടം.
പിഎസ്‌ജി വിട്ട് ഈ സീസണില്‍ റയലിലേക്ക് എത്തിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ ഇടം കണ്ടെത്തി. സെന്‍റര്‍ ഫോര്‍വേര്‍ഡായി എംബാപ്പയേയും ഇടതുവിങ്ങില്‍ വിനീഷ്യസ് ജൂനിയറിനെയും വലതുവിങ്ങില്‍ റോഡ്രിയേയുമാണ് കാര്‍ലോ ആൻസലോട്ടി അണിനിരത്തിയത്. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി.
രണ്ടാം പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും നേടിയത്. വിനീഷ്യസിന്‍റെ അസിസ്റ്റ് സ്വീകരിച്ച് വാല്‍വെര്‍ദേ 59-ാം മിനിറ്റില്‍ ആദ്യം അറ്റ്‌ലാന്‍റയുടെ വല കുലുക്കി. പിന്നാലെ, 68-ാം മിനിറ്റില്‍ തകര്‍പ്പൻ ഫിനിഷിങ്ങിലൂടെ എംബാപ്പെ ലീഡ് ഉയര്‍ത്തി. ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ അസിസ്റ്റിലായിരുന്നു എംബാപ്പെ സ്കോര്‍ ചെയ്‌തത്.
Also Read :ഡെര്‍ബിയില്‍ യുണൈറ്റഡിന് 'സഡൻ ഷോക്ക്'; സീസണിലെ ആദ്യ കിരീടം നേടി മാഞ്ചസ്റ്റര്‍ സിറ്റി