മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് എതിരാളികളായി റയല്‍ മാഡ്രിഡ്. സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് റയലിന്‍റെ മുന്നേറ്റം. സ്വന്തം തട്ടകമായ സാന്‍റിയാഗെ ബെര്‍ണബ്യൂവില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് റയല്‍ ജയം പിടിച്ചത്.
ഹൊസേലുവിന്‍റെ ഇരട്ടഗോളുകളാണ് റയലിന് ജയമൊരുക്കിയത്. ജയത്തോടെ ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ 4-3 എന്ന അഗ്രിഗേറ്റഡ് സ്കോറിനാണ് റയല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ അടിച്ച് സമനിലയില്‍ ആയിരുന്നു പിരിഞ്ഞത്.
സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ രണ്ടാം പാദ സെമി ഫൈനല്‍ പോരാട്ടത്തിന്‍റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ശക്തമായ മുന്നേറ്റങ്ങള്‍ ഇരുഭാഗത്ത് നിന്നുമുണ്ടായെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതിയിലാണ് ബയേണ്‍ മ്യൂണിക് ആദ്യം ലീഡ് പിടിക്കുന്നത്.
മത്സരത്തിന്‍റെ 68-ാം മിനിറ്റില്‍ അല്‍ഫോൻസോ ഡേവിസായിരുന്നു ബയേണിനായി റയല്‍ വലയില്‍ പന്തെത്തിച്ചത്. ഹാരി കെയ്‌ൻ നല്‍കി പാസുമായി മൈതാനത്തിന്‍റെ ഇടതുവശത്തൂടെ റയല്‍ ബോക്‌സിനുള്ളിലേക്ക് കടന്നാണ് ഡേവിസ് നിറയൊഴിച്ചത്. ഈ ലീഡ് മത്സരത്തിന്‍റെ 88-ാം മിനിറ്റുവരെ മാത്രമായിരുന്നു അവര്‍ക്ക് കാക്കാനായത്.