ബെംഗളൂരു:ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികളില്‍ നിന്നും മോചനം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് വീണ്ടും കളത്തിലിറങ്ങും. ഹാട്രിക് ജയം ലക്ഷ്യമിട്ടെത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയുടെ എതിരാളികള്‍. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
ബൗളര്‍മാരുടെ ശവപറമ്പ് എന്ന വിശേഷണമുള്ള ഇടമാണ് ചിന്നസ്വാമി സ്റ്റേഡിയം. അവിടെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വമ്പനടിക്കാരായ താരങ്ങള്‍ക്കെതിരെ ആര്‍സിബിയുടെ ബൗളര്‍മാര്‍ എങ്ങനെ പന്തെറിയുമെന്ന് കണ്ടറിയണം. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെൻറിച്ച് ക്ലാസൻ എന്നിവരെല്ലാം ഇന്ന് ആര്‍സിബിയ്‌ക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.
എന്നാല്‍, മറുവശത്ത് വിരാട് കോലി മാത്രമാണ് ആര്‍സിബിക്കായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെയ്‌ക്കുന്നത്. ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസ് താളം കണ്ടെത്തിയത് ടീമിന് ആശ്വാസമാണ്. എന്നാല്‍, കഴിഞ്ഞ കളിയില്‍ നടത്തിയ പ്രകടനം ഫാഫ് നടത്തിയില്ലെങ്കില്‍ സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും ആര്‍സിബിയ്‌ക്ക് തിരിച്ചടിയേല്‍ക്കേണ്ടി വരും.
അവസാന ഓവറുകളില്‍ ഹെൻറിച്ച് ക്ലാസൻ ഹൈദരാബാദിനായി ചെയ്യുന്ന ജോലി ആര്‍സിബിക്കായി ദിനേശ് കാര്‍ത്തിക് വേണം ചെയ്യേണ്ടത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്താൻ കാര്‍ത്തിക്കാനായിരുന്നു. ഇന്ന്, ഹൈദരാബാദിനെതിരെയും കാര്‍ത്തിക്കിന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പ്രകടനത്തിനാണ് ആരാധകരും കാത്തിരിക്കുന്നത്.