ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സ് നിലനിര്‍ത്തിയ സൂപ്പര്‍ താരമാണ് ഋതുരാജ് ഗെയ്‌ക്‌വാദ്. ബെംഗളൂരുവില്‍ ഒരു സ്വകാര്യ ചടങ്ങിനിടെ താരം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തമാശയായി പരിഹസിച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒരു മൈക്കുമായി വേദിയിൽ നിൽക്കുന്ന താരത്തെ വീഡിയോയില്‍ കാണാൻ സാധിക്കും. ഋതുരാജിന്‍റെ മൈക്ക് ഓപ്പറേറ്റർ ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആളുകളെ പൊട്ടിച്ചിരിപ്പിച്ച സംഭവത്തിന്‍റെ തുടക്കം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വേദിയില്‍ നില്‍ക്കുന്ന താരത്തിനോട് അവതാരകന്‍റെ ചോദ്യം. എന്നാൽ ഋതുരാജ് മറുപടി പറയാൻ ശ്രമിച്ചപ്പോൾ മൈക്ക് സ്വിച്ച് ഓഫ് ആയിരുന്നു. 'നിങ്ങൾക്ക് എങ്ങനെ ഋതുരാജിന്‍റെ മൈക്ക് ഓഫ് ചെയ്യാൻ കഴിയുമെന്ന് അവതാരകൻ ഓപ്പറേറ്ററോട് ചോദിച്ചു. ഇതിനു മറുപടിയായി, 'അദ്ദേഹം ആർസിബിയിൽ നിന്നുള്ള ആരെങ്കിലും ആയിരിക്കാം' എന്ന് ഋതുരാജ് പറഞ്ഞു. ഇതുകേട്ടപ്പോള്‍ പരിപാടിയിൽ പങ്കെടുത്തവര്‍ക്കിടയിൽ വലിയ ചിരി പൊട്ടിപ്പുറപ്പെട്ടു.