ധര്‍മ്മശാല :അന്താരാഷ്‌ട്ര ടെസ്റ്റ് കരിയറില്‍ നൂറാം മത്സരത്തിനിറങ്ങിയ വെറ്ററൻ ഓഫ് സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിന് ആദരവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ അശ്വിന് ആദരവ് നല്‍കിയത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് വേണ്ടി 100 മത്സരം പൂര്‍ത്തിയാക്കുന്ന 14-ാമത്തെ താരമായും അശ്വിൻ മാറി.
വെറ്ററൻ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ് ഇതിന് മുന്‍പ് ഇന്ത്യയ്‌ക്ക് വേണ്ടി 100 മത്സരം പൂര്‍ത്തിയാക്കിയ മറ്റൊരു താരം. സച്ചിൻ ടെണ്ടുല്‍ക്കര്‍, നിലവിലെ ഇന്ത്യൻ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മൺ, അനില്‍ കുംബ്ലെ, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, സൗരവ് ഗാംഗുലി, വിരാട് കോലി, ഇഷാന്ത് ശര്‍മ, ഹര്‍ഭജൻ സിങ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു രവിചന്ദ്രൻ അശ്വിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. തുടര്‍ന്ന്, ഇതുവരെയുള്ള കാലയളവില്‍ ഇന്ത്യൻ ബൗളിങ് നിരയിലെ പ്രധാനപ്പെട്ട താരമായി മാറാൻ അശ്വിന് സാധിച്ചു. 99 ടെസ്റ്റ് മത്സരം ഇതുവരെ കളിച്ച അശ്വിന്‍റെ അക്കൗണ്ടില്‍ 507 വിക്കറ്റുകളാണുള്ളത്.
അതേസമയം, താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുന്നതിന് മുന്‍പായി ഇന്ത്യൻ ടീം മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡ് രവിചന്ദ്രൻ അശ്വിന് നൂറാം ടെസ്റ്റ് മത്സരത്തിന്‍റെ തൊപ്പി മൊമന്‍റോയായി നല്‍കി. കൂടാതെ, നൂറാം മത്സരത്തിനിറങ്ങിയ അശ്വിനാണ് ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്ന ദേവ്‌ദത്ത് പടിക്കലിന് ടെസ്റ്റ് ക്യാപ് കൈമാറിയതും.