വര്‍ഷങ്ങളായി മലയാളിയെ പറ്റിക്കുന്ന രസമുള്ള ഫോർമുലയെ കുറിച്ച് തുറന്നു പറയുകയാണ് പ്രദീപ് മരുതത്തൂർ. മലയാളത്തിലെ ഹിറ്റ് പ്രാങ്ക് ഷോകളുടെ നിർമ്മാതാവ്. ഊണിലും ഉറക്കത്തിലും മലയാളിയെ പറ്റിക്കാനായി മനസ്സും ശരീരവും ഒരു കത്തി പോലെ രാകി മിനുക്കി അയാൾ പാകപ്പെടുത്തും. ഇതെങ്ങനെ എന്ന മലയാളികളുടെ ചോദ്യങ്ങള്‍ക്ക് പ്രദീപ് മരുതത്തൂര്‍ ഇടിവി ഭാരതിനോട് മനസ്സു തുറന്നു.
മലയാളത്തിൽ ഉപഗ്രഹ ചാനലുകൾ പരസ്‌പരം കിടമത്സരം തുടങ്ങുന്ന കാലം. ഏഷ്യാനെറ്റിലെ അസിസ്‌റ്റന്‍റ് പ്രൊഡ്യൂസർ ആയിരുന്ന പ്രദീപ് മരുതത്തൂരിന് മെച്ചപ്പെട്ടൊരു അവസരം സൂര്യ ടിവി ഓഫർ ചെയ്യുന്നു. അക്കാലത്തെ ഹിറ്റ് പ്രാങ്ക് ഷോ ആയ 'തരികിട'യുടെ നിർമ്മാതാവായി സൺ നെറ്റ്‌വർക്ക് അയാളെ അവരോധിക്കുന്നു. അന്ന് മുതൽ ഇക്കാലമത്രയും ഏകദേശം 20 വർഷം മലയാളിയെ പറ്റിച്ച് ബിരുദാനന്തര ബിരുദമെടുത്ത പ്രദീപ്, 'തരികിട' മുതലുള്ള അനുഭവങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചു.
ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രാങ്ക് ഷോയ്‌ക്കെതിരെ 'പ്രഭാതഭേരി' എന്ന പ്രോഗ്രാം ചെയ്‌തിരുന്ന പ്രദീപ് മരുതത്തൂര്‍ 22 വര്‍ഷങ്ങളായി ചെയ്യുന്നത് 'തരികിട', 'ഗുലുമാൽ', 'ഓ മൈ ഗോഡ്' എന്നീ പ്രാങ്ക് ഷോകളാണ്. ആളുകളെ നിഷ്‌കരുണം പറ്റിക്കുന്ന പരിപാടി സാമൂഹിക വിപത്താണെന്ന് റേഡിയോയിലൂടെ പ്രതികരിച്ച ആളിന്‍റെ വിധി നോക്കണേ എന്നാണ് ഇതേകുറിച്ച് പ്രദീപ് പ്രതികരിച്ചത്.
തിരുവനന്തപുരം നെടുമങ്ങാട് ഭാഗത്ത് വച്ചായിരിക്കും 'തരികിട' ഷോ കൂടുതലും നടക്കുന്നത്. ആ ഭാഗത്തെ കടക്കാരായിരുന്നു അക്കാലത്തെ പ്രധാന പ്രാങ്ക് ഇരകൾ. മൂന്ന് പ്രാവശ്യം വരെ പറ്റിച്ച കടക്കാരുണ്ടെന്നാണ് പ്രദീപ് പറയുന്നത്.
ചിലപ്പോൾ വഴിയെ നടന്നു പോകുന്നവരെയോ പണി ഇല്ലാത്തത് കൊണ്ട് കട നടയിൽ വർത്തമാനം പറഞ്ഞിരിക്കുന്ന ആളിനെയോ ആയിരിക്കും ഇരയായി കിട്ടുന്നത്. പിന്നെ പരിചയം നടിച്ചും ബന്ധുവായും കൂട്ടുകാരനായും ആയൊക്കെ തരികിടക്കൂട്ടിൽ ഇടം ഇടംപിടിക്കുമെന്നാണ് പ്രദീപ് പറയുന്നത്.
"ഉൾനാടൻ ഗ്രാമീണ വഴികളിൽ പെട്ടി കടകൾക്കും ജോലി ഇല്ലാതെ കറങ്ങി നടക്കുന്ന ചേട്ടൻമാർക്ക് മുന്നിലും പാഞ്ഞെത്തുന്ന ചാനലിന്‍റെ ടെമ്പോ ട്രാവലർ. പേര് കെട്ടി മറച്ച ട്രാവലറിൽ നിന്ന് ഒരാൾ ഇറങ്ങും. കടയിൽ കയറി ഒരു നാരങ്ങാ വെള്ളം വാങ്ങി കുടിക്കും. ഈ സമയത്ത് കൈ ഉയർത്തിക്കാട്ടി, ഓക്കെ എന്ന സിഗ്‌നൽ ട്രാവലറിൽ ഇരിക്കുന്നവർക്ക് നൽകും. അപ്പോഴേയ്ക്കും ഷോയുടെ തിരശ്ശീല ഉയരുകയായി.
ഓരോരോ വേലത്തരങ്ങളിലൂടെ കടക്കാരനെ പറ്റിക്കുന്നത് ചുറ്റുമുള്ള ആരും അറിയാതെ അരങ്ങേറും. കാളി കാര്യമാകുന്നതോടെ കടക്കാരൻ മാത്രമല്ല കടയിൽ വന്ന് പോകുന്ന ആൾ പോലും ഈ പുലിവാലിൻ്റെ പിതൃത്വം ഏറ്റെടുക്കും. ഒടുവിൽ കടക്കാരൻ്റെ ദേഷ്യത്തിൽ പിറവി കൊള്ളുന്ന നല്ല നാടൻ അടി തുടങ്ങും. ഇതിനിടെ ഇരയുടെ ദേഷ്യം ജീവിതത്തിൽ ഇതുവരെ കാണാത്ത റീഡിംഗിലേയ്ക്ക് സൂചി തിരിയും.
അടിയുടെ സ്വഭാവം മാറുന്നതിനിടെ അടി വാങ്ങിക്കൂട്ടുന്ന അവതാരകരിൽ ആരെങ്കിലും ഒരാൾ ആ സർപ്രൈസ് പൊട്ടിച്ചിരിക്കും... ഇത് തരികിട എന്ന പ്രാങ്ക് പ്രോഗ്രാം ആണെന്നുള്ള നഗ്‌നസത്യം. സ്വാഭാവികമായും പറ്റിക്കപ്പെട്ട കടക്കാരൻ ചേട്ടൻ്റെ മനസ്സിൽ അടി കൊടുത്തതിൻ്റെയും ചീത്ത വിളിച്ചതിൻ്റെയും പേരിലുള്ള ചമ്മലിൻ്റെ ഇടിനാളം മനസ്സിൽ നിറയും.
പ്രോഗ്രാം പതിവായി കാണുന്ന നാട്ടുകാരിൽ ചിലരെങ്കിലും ആർത്ത് ചിരിച്ച് അവതാരകരെ കെട്ടിപ്പിടിക്കാന്‍ എത്തിയിരിക്കും. അപ്പോഴേയ്ക്കും പറ്റിക്കപ്പെട്ട ആൾക്ക് കൈ നിറയെ നൽകാനുള്ള സമ്മാനങ്ങള്‍ റെഡിയാക്കും. ആ സമയം പ്രാങ്ക് നടന്ന വാർത്ത ആ നാട്ടിൽ മിന്നൽപ്പിണർ പോലെ വീശിയടിച്ചിട്ടുണ്ടാവും. അത് കേട്ടവർ ഓടിക്കൂടി ലൊക്കേഷനിൽ വിളിക്കാത്ത ഗ്രാമസഭ കൂടും.
ചിരിയും പൊട്ടിച്ചിരിയും കഥ അന്വേഷിക്കലുമായി പറ്റിക്കപ്പെട്ട ആൾക്ക് സിനിമ താരത്തിനെക്കാൾ പരിവേഷം ലഭിക്കും. നാട്ടിലെ പെണ്ണുങ്ങൾ ടറസ്സിന് മുകളിൽ നിന്നു പോലും കഥ പറഞ്ഞ് ചിരിക്കടൽ തീർക്കും. ഇനി അവർക്ക് അറിയാനുള്ളത് ഒന്ന് മാത്രം -ഇതെന്ന് ടിവിയില്‍ കാണിക്കും? പിന്നീട് ആ നാടിൻ്റെ കാത്തിരിപ്പായി. കാലമൊക്കെ പുരോഗമിച്ചെങ്കിലും കഴിഞ്ഞ 22 വർഷമായി പരിപാടിയുടെ ഈയൊരു മാതൃകയ്ക്ക് യാതൊരു മാറ്റവുമില്ല." -പ്രദീപ് മരുതത്തൂർ പറഞ്ഞു.
സൂര്യ ടിവിയിൽ 'തരികിട' ചെയ്യുന്ന സമയത്ത് അന്നത്തെ അവതാരകരായ സാബു പ്ലാങ്കവിളയ്ക്കും ബിനു ബി കമലിനും കിട്ടിയ പുളിവിറക് കൊണ്ടുള്ള അടിയും വെട്ടുകത്തി കൊണ്ടുള്ള വെട്ടും ആശുപത്രി വാസവും വൈദ്യൻ്റെ വീട്ടിലെ കാവലുമെല്ലാം പ്രദീപിൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.
ഒരിക്കല്‍ പ്രാങ്ക് ഷോ കയ്യീന്ന് പോയി, നാട്ടുകാര്‍ കൈ വച്ചതോടെ തല പൊട്ടി ബിനു ബി കമല്‍ അടക്കമുള്ള സംഘം മെഡിക്കല്‍ കോളേജ് ഐസിയുവിലായിരുന്നു. ഇവർക്ക് ചായയും മരുന്നും വാങ്ങി ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് പ്രദീപ് മരുതത്തൂര്‍.
"തല പൊട്ടിയ നിലയില്‍ ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. അവിടുള്ളവര്‍ ബിനുവിനെ തിരച്ചറിഞ്ഞിരുന്നു. ഇത് പ്രാങ്ക് ആണെന്ന് കരുതി ഡോക്‌ടർമാർ ചികിത്‌സ നൽകാതെ പിന്‍മാറി. എന്ത് പറഞ്ഞിട്ടും ജൂനിയർ ഡോക്‌ടർമാർ പോലും തിരിഞ്ഞ് നോക്കാത്ത അവസ്ഥ വന്നു.
ഒടുവിൽ ചാനലിൽ നിന്നും മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. മന്ത്രിയുടെ ഓഫീസ് ഇടപെട്ട ശേഷമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ കൂടി ഇടപെടലില്‍ ബിനുവിനും സംഘത്തിനും ചികിത്സ ലഭിക്കുന്നത്."-പ്രദീപ് മരുതത്തൂര്‍ പറഞ്ഞു.
ശരീരത്തിലൂടെ കറണ്ട് കടത്തിവിടുന്ന ആളായി പെർഫോം ചെയ്‌ത കഥയെ കുറിച്ചും പ്രദീപ് വിവരിച്ചു. വണ്ടിയിൽ കയറി മുങ്ങാൻ ശ്രമിക്കുമ്പോൾ നാട്ടുകാര്‍ തടഞ്ഞ് തല്ല് കിട്ടിയ അനുഭവവും പ്രദീപ് പങ്കുവച്ചു.
"കേബിൾ അധികം ഇല്ലാതിരുന്ന സമയത്താണ് തരികിട അരങ്ങു തകർക്കുന്നത്. ഒരിക്കൽ ബിനു കവലയിൽ നിന്ന ആളുകളെ കൂട്ടി ശരീരത്തിലൂടെ കറണ്ട് കടത്തിവിടുന്ന ആളായി പെർഫോം ചെയ്‌തു. ആളുകൾ ചുറ്റും കൂടി. ബിനുവിൻ്റെ ശരീരത്തിലൂടെ ജനറേറ്ററിൽ നിന്നുള്ള കറൻ്റ് കടന്നു പോകുന്നു എന്നാണ് ആളുകളോട് പറഞ്ഞത്. വിരള്‍ വയ്ക്കുമ്പോൾ ടെസ്‌റ്റർ കത്തുന്നതാണ് ജനം വിശ്വസിക്കാൻ കാരണം.
ഇതിനിടെ ആളുകൾക്കിടയിൽ ഉണ്ടായിരുന്ന ഞങ്ങളുടെ ആർട്ടിസ്‌റ്റ് കറണ്ട് കടത്തിവിടുന്ന ആളിനെ തൊട്ടു നോക്കാൻ ശ്രമിക്കുന്നതും ഷോക്കേറ്റ് വീഴുന്നതുമാണ് രംഗം. ഷോക്കേറ്റ് വീണ ആളെ അവിടെ ഉപേക്ഷിച്ച് ഞങ്ങൾ മുങ്ങുന്നതായിരുന്നു പദ്ധതി. ഞങ്ങൾ മുങ്ങാൻ ശ്രമിക്കുമ്പോൾ നാട്ടുകാർ ഇടപെടും, അതാണ് ഷോ കണ്ടന്‍റ്. ഞങ്ങൾ പ്ലാൻ ചെയ്‌ത പ്രകാരം വണ്ടിയിൽ കയറി മുങ്ങാൻ ശ്രമിക്കുമ്പോൾ നമ്മുടെ ആർട്ടിസ്‌റ്റ് അടക്കമുള്ളവരെ രണ്ട് ഭീമൻമാർ തടഞ്ഞു.
തുടർന്ന് വാക്കേറ്റമുണ്ടാക്കി ചെറിയ അടിപിടി മുന്നിൽ കാണുമ്പോൾ സർപ്രൈസ് പൊളിക്കാം എന്നതാണ് ഉദ്ദേശം. പക്ഷേ ഒരു വാഗ്‌വാദത്തിനും അവർ മുതിർന്നില്ല. ഷോക്കേറ്റ് വീണ ആളെ ആശുപതയിൽ കൊണ്ടു പോകാൻ അവർ നിർദേശിച്ചു. പരിപാടി കൊഴുപ്പിക്കാൻ ഞാന്‍ അത് നിരസിച്ചു. പിന്നെ സംസാരം ഇല്ല. ഇടി മാത്രം. അടിയും ഇടിയും നല്ല രീതിയിൽ ആരംഭിച്ചു. ഇത് തരികിട ആണെന്ന് പറയേണ്ട താമസം എനിക്കും കിട്ടി കൈ മുറുക്കിയുള്ള ഇടിയും മടലു കൊണ്ടുള്ള അടിയും."-പ്രദീപ് മരുതത്തൂര്‍ പറഞ്ഞു.
'തരികിട' എന്ന പ്രാങ്ക് ഷോയുടെ ആദ്യ സീസന് തിരശ്ശീല വീണപ്പോൾ ഗുലുമാൽ എന്ന പ്രോഗ്രാം തുടങ്ങി. ഗുലുമാലിൻ്റെയും കഥകളിൽ സിനിമ താരങ്ങൾക്ക് കൊടുത്ത പണിയുടെ കെണികളെ കുറിച്ചാണ് പ്രദീപ് വാചാലനാവുന്നത്.
"മമ്മൂട്ടിയെ പോലും പറ്റിക്കാൻ കരുനീക്കങ്ങൾ നടത്തി. നടി ശ്വേതാ മേനോൻ്റെ വീട്ടിൽ സൂര്യ ടിവി നടത്തിയ ഇൻ്റർവ്യൂവിന് ഇടയ്ക്ക് ലൊക്കേഷനിൽ വച്ച് പരിചയപ്പെട്ട കാട്ടുവാസികൾ കുലയും ചക്കയും ചേനയും ഒക്കെയായി ഓണം കാണാൻ വന്നു. ശ്വേതാ മേനോൻ അമ്പരന്നു. വന്നു കയറിയവർ താരത്തിൻ്റെ വീട്ടിലെ ഓരോരോ സാധനങ്ങളായി പെറുക്കിയെടുത്ത് നശിപ്പിക്കാനൊരുങ്ങി. ഒന്നും ചെയ്യാനാവാതെ നിന്ന ആർട്ടിസ്‌റ്റിന് ഒടുവിലാണ് താൻ പ്രാങ്ക് വലയിൽ അകപ്പെട്ടു എന്ന കാര്യം മനസിലാവുന്നത്."-പ്രദീപ് മരുതത്തൂര്‍ പറഞ്ഞു.
പിസി ജോര്‍ജ് ചീഫ് വിപ്പ് ആയിരുന്നപ്പോള്‍ അദ്ദേഹത്തെ പറ്റിച്ച കഥയും പ്രദീപ് പറഞ്ഞു. "പിസി ജോർജിൻ്റെ വീട്ടിൽ ഒരു അച്ഛനും മകളും എത്തുകയാണ്. മകളുടെ ജോലിക്കായുള്ള ശുപാർശ ഫലിച്ചില്ല. ശുപാർശ ചെയ്യാൻ വാങ്ങിയ കാശ് തിരികെ ചോദിക്കാനാണ് അച്ഛനും മകളും ശ്രമിക്കുന്നത്.
പിസി ജോർജ് എത്ര തന്നെ പറഞ്ഞിട്ടും മനസിലാകാതെ ചൂടാവുന്ന അവർ ഒടുവിൽ കയ്യാങ്കളിക്ക് ഒരുങ്ങുന്നു. അപ്പോഴേക്കും ഗൺമാൻ തോക്കെടുത്ത് വെടിവെയ്ക്കാൻ കാഞ്ചി വലിക്കുന്നുണ്ടായിരുന്നു. സെക്കൻ്റുകൾക്കുള്ളിൽ ഗൺമാൻ്റെ കാലുപിടിച്ചില്ലങ്കിൽ കളി കാര്യമാവുമായിരുന്നു."-പ്രദീപ് മരുതത്തൂര്‍ വെളിപ്പെടുത്തി.
സോളര്‍ കേസിലൂടെ മാധ്യമശ്രദ്ധ നേടിയ സരിത നായർക്ക് കൊടുത്ത പണിയെ കുറിച്ചും പ്രദീപ് വാചാലനായി. "സരിതയ്‌ക്ക് കൊടുത്ത പണി മലയാളി ഒരിക്കലും മറക്കാത്ത ഒന്നാണ്. 'സരിത തുറന്നു പറയുന്നു' എന്ന ശീർഷകത്തിൽ സരിതയ്‌ക്ക് പൊതു സമൂഹത്തോട് പറയാനുള്ളത് എന്ന വ്യാജേന ഷൂട്ട് ചെയ്യുകയായിരുന്നു നമ്മൾ.
ഇതിനിടെയാണ് വീട്ടിലേക്ക് ഒരു പെട്ടി വണ്ടിയിൽ പുതിയ ഫർണീച്ചറുകളും മറ്റും കൊണ്ടുവന്ന് മുറ്റത്ത് ഇറക്കുന്നത്. ഓർഡർ ചെയ്യാത്ത സരിതയുടെ കൈയ്യിൽ നിന്ന് ഫർണീച്ചറിൻ്റെ പണം വാങ്ങാൻ ഒരുങ്ങുമ്പോഴാണ് പ്രാങ്ക് വല മുറുകുക ആയിരുന്നുവെന്ന് സരിത നായർക്ക് മനസ്സിലാവുന്നത്."-പ്രദീപ് മരുതത്തൂര്‍ പറഞ്ഞു.
Also Read: കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ
ഗുലുമാൽ അവസാനിച്ചതോടെ കൗമുദി ടിവി 'ഓ മൈ ഗോഡ്' എന്ന പേരിൽ പരിപാടിക്ക് പുതുജന്‍മം നൽകി. ഓ മൈ ഗോഡിലാണ് ആദ്യമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെ കെണിയിലാക്കുന്നത്. വനിതാ നേതാവ് ബിന്ദു കൃഷ്‌ണയെ ക്ഷുഭിതയാക്കിയ കഥയും അദ്ദേഹം പങ്കുവച്ചു.
"ബിന്ദു കൃഷ്‌ണ യാത്ര ചെയ്‌തിരുന്ന കാർ ക്രെയിൻ ഉപയോഗിച്ച് പൊക്കിയെടുക്കാൻ ശ്രമിച്ചു. ഇത് നേതാവിനെ ക്ഷുഭിതയാക്കി. ഒപ്പം വന്ന വർക്ക്‌ഷോപ്പുകാരോട് ബിന്ദു കൃഷ്‌ണ കയർത്തു. ഒടുവിൽ പ്രശ്‌നം പരിഹരിക്കാൻ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉന്നതർ വരെ ഇടപെട്ടു. ബിന്ദു കൃഷ്‌ണയ്‌ക്ക് ഗുലുമാൽ പണി കൊടുക്കാൻ നിരവധി രാഷ്ട്രീയ നേതാക്കളും ഞങ്ങളോട് സഹകരിച്ചിരുന്നു. ഒടുവിൽ വളരെ പണിപ്പെട്ടാണ് പ്രശനം പരിഹരിച്ചത്."-പ്രദീപ് വെളിപ്പെടുത്തി.
പ്രാങ്ക് ഷോ മാത്രമായിരുന്നില്ല പ്രദീപും കൂട്ടരും ചെയ്‌തിരുന്നത്. പ്രാങ്ക് ഷോയ്‌ക്കൊപ്പം നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളും അദ്ദേഹം പങ്കുവച്ചു. "ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവരെ ആദ്യം ഷോയിൽ കൊണ്ടുവന്നു. പിന്നീട് അവരുടെ ജീവിതാവസ്ഥ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തു. അവർക്ക് വീടുവച്ചു നൽകി, പഠിക്കാൻ നിവർത്തി ഇല്ലാത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.
കൊവിഡ് സമയത്ത് ടിവികളും പഠിക്കാൻ മൊബൈൽ ഫോണുകളും നൽകി. ജീവിതത്തിൽ ഒരിക്കലും കഴിച്ചിട്ടില്ലാത്ത മുന്തിയ ഹോട്ടലിലെ ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാൻ അവസരമൊരുക്കി. പഠിക്കാൻ നിവർത്തിയില്ലാത്തവരെ പഠിപ്പിക്കാൻ ആളുകൾ സഹായവുമായി എത്തി. ഇതൊക്കെ ചെയ്യുമ്പോൾ കിട്ടുന്നതാണ് പ്രാങ്ക് ജീവിതത്തിലെ യഥാർത്ഥ സന്തോഷം." -നിറകണ്ണുകളോടെ പ്രദീപ് പറഞ്ഞു.
ALSO READ |
- ഓ മൈ ഗോഡ്! 20 കൊല്ലമായി നാട്ടുകാരെ പറ്റിക്കുന്നു, യഥാർത്ഥ ചീറ്റിംഗ് സ്‌റ്റാർ ഇവിടെ ഉണ്ട്; സാബു പ്ലാങ്കവിള മനസ്സ് തുറക്കുന്നു
- "പാട്ട് ശരിയായില്ലെങ്കിൽ വിദ്യാസാഗർ ചീത്ത വിളിച്ച് കണ്ണ് പൊട്ടിക്കും", വാളെടുത്ത് ജി ശ്രീറാം
- "ഞങ്ങളുടെ 5000 ഫോട്ടോകൾ ഉണ്ട്, പക്ഷേ സോഷ്യൽ മീഡിയയിൽ ഇല്ല, വികാരങ്ങളെ കൂട്ടിലടക്കാന്‍ ആഗ്രഹിക്കുന്നില്ല": വിജയ് വര്‍മ്മ
- എക്‌സിന് വിലയേറിയ സമ്മാനങ്ങള്‍ നല്‍കി പണം കളഞ്ഞ് സാമന്ത; വെളിപ്പെടുത്തലുമായി താരം
- 'എമ്പുരാന്‍' സെറ്റിലെത്തിയ പുതിയ അതിഥി; ആവേശം പങ്കുവച്ച് പൃഥ്വിരാജ് സുകുമാരന്‍
- ഹബീബീ... വെൽകം ടു കേരള, ദോഹയില്‍ നിന്നും പറന്നിറങ്ങി 'ഇവ'; കൊച്ചി വിമാനത്താവളത്തിലെത്തിയ ആദ്യ 'ഓമന', ചരിത്രമായി സിയാലും
- രസം ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങൾ രാജപ്പൻ തെങ്ങിൻമൂട് ആണോ? താര രാജാക്കന്‍മാരേക്കാള്‍ എക്‌സ്‌പേര്‍ട്ടുകള്‍ ഇല്ല
- "അവസരങ്ങള്‍ നിഷേധിച്ചു, പക്ഷേ നിമിത്തം പോലെ എന്നിലേയ്‌ക്ക് വന്നുച്ചേര്‍ന്നു"; മനസ്സ് തുറന്ന് ജോബ് കുര്യന്‍