മൊഹാലി :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മുല്ലാൻപൂരില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. തുടര്‍ തോല്‍വികള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാകും ഇരു ടീമും ഇന്ന് പരസ്‌പരം പോരിനിറങ്ങുന്നത്.
പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് ശുഭ്‌മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസ്. അവസാനം കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും അവര്‍ തോറ്റു. ആ തോല്‍വികളുടെ പരമ്പര തുടങ്ങിയത് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ നിന്നാണ്.
അഹമ്മദാബാദില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെയാണ് പഞ്ചാബ് ഗുജറാത്തിനെ വീഴ്‌ത്തിയത്. ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവര്‍ ഐപിഎല്ലിലേക്ക് വരവറിയിച്ച മത്സരം കൂടിയായിരുന്നു ഇത്. ഈ തോല്‍വിയ്‌ക്ക് പകരം വീട്ടാനാകും ഗില്ലും കൂട്ടരും ഇന്ന് മൊഹാലിയില്‍ ഇറങ്ങുക.
ബാറ്റിങ്ങില്‍ നായകൻ ശുഭ്‌മാൻ ഗില്ലാണ് അവരുടെ ഏക പിടിവള്ളി. ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവരൊന്നും മികവിലേക്ക് വരാത്തത് ഗുജറാത്തിന് തിരിച്ചടിയായിട്ടുണ്ട്. സ്‌പിന്നര്‍ റാഷിദ് ഖാന്‍റെ പ്രകടനങ്ങളും ബാറ്റിങ്ങില്‍ ഗുജറാത്തിന് ഏറെ നിര്‍ണായകം.
മറുവശത്ത് ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നീ രണ്ട് ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാരാണ് പഞ്ചാബിനായി ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുന്നത്. ഇവരൊഴികെ മറ്റാര്‍ക്കും തന്നെ പഞ്ചാബ് നിരയില്‍ ബാറ്റുകൊണ്ട് തിളങ്ങാനായിട്ടില്ല. മൂന്നാം ജയം തേടി സ്വന്തം തട്ടകത്തില്‍ ഗുജറാത്തിനെ നേരിടാൻ ഇറങ്ങുമ്പോഴും ഇവരില്‍ തന്നെയാകും പഞ്ചാബിന്‍റെ ബാറ്റിങ് പ്രതീക്ഷകള്‍.
സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിനുള്ളില്‍ ഒരു താരം പോലും ഇല്ലാത്ത ഗുജറാത്തിന്‍റെ ബൗളിങ് പ്രതീക്ഷകള്‍ പ്രധാനമായും റാഷിദ് ഖാനിലാണ്. മറുവശത്ത്, കഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ് എന്നിവരുടെ പ്രകടനങ്ങളാകും പഞ്ചാബിന് നിര്‍ണായകമാകുക.
Also Read :റണ്‍വേട്ടയ്‌ക്കൊപ്പം റെക്കോഡ് വേട്ടയും! ഡല്‍ഹിക്കെതിരെയും നേട്ടങ്ങള്‍ കൊയ്‌ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - SunRisers Hyderabad Records
പഞ്ചാബ് കിങ്‌സ് സാധ്യത ടീം:പ്രഭ്‌സിമ്രാൻ സിങ്, സാം കറൻ (ക്യാപ്‌റ്റൻ), റിലീ റൂസോ, ലിയാം ലിവിങ്‌സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അഷുതോഷ് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാഡ, അര്‍ഷ്‌ദീപ് സിങ്, ഹര്‍പ്രീത് സിങ്.
ഗുജറാത്ത് ടൈറ്റൻസ് സാധ്യത ടീം:ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശൻ, ഡേവിഡ് മില്ലര്‍, അഭിനവ് അറോറ, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാൻ, മോഹിത് ശര്‍മ, അസ്‌മത്തുള്ള ഒമര്‍സായി, സ്പെൻസര്‍ ജോണ്‍സണ്‍, സന്ദീപ് വാര്യര്‍, സായ് കിഷോര്‍.