കേരളം

kerala

ETV Bharat / sports

രോഹിത്തിനെക്കുറിച്ച് ഒരു വാക്ക്; പ്രീതി സിന്‍റയുടെ മറുപടിക്ക് കയ്യടി - Preity Zinta on Rohit Sharma - PREITY ZINTA ON ROHIT SHARMA

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ബന്ധപ്പെട്ട ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കി പ്രീതി സിന്‍റ.

IPL 2024  MUMBAI INDIANS  രോഹിത് ശര്‍മ  പ്രീതി സിന്‍റ
Preity Zinta and Rohit Sharma (IANS)

By ETV Bharat Kerala Team

Published : May 6, 2024, 5:22 PM IST

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ തിരക്കുകളിലാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന താരത്തിന് തന്‍റെ മിന്നും ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് 32.60 ശരാശരിയിലും 154.50 സ്‌ട്രൈക്ക് റേറ്റിലും 326 റൺസാണ് 37-കാരന്‍ നേടിയിട്ടുള്ളത്.

ഇതിനിടെ രോഹിത്തിനെക്കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് പഞ്ചാബ് കിങ്‌സിന്‍റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്‍റ നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. രോഹിത്തിനെക്കുറിച്ച് ഒരു വാക്ക് പറയാനായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പ്രീതി സിന്‍റയോട് ഒരാള്‍ ചോദിച്ചിരുന്നത്. 'ടാലന്‍റിന്‍റെ പവര്‍ ഹൗസ്' എന്നാണ് നടി ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

സീസണിന് മുന്നോടിയായി രോഹിത്തിനെ നായക സ്ഥാനത്ത് നിന്നും നീക്കിയ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റ് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ചുമതല നല്‍കിയിരുന്നു. ഹാര്‍ദിക്കിന് കീഴില്‍ കളിച്ച മുംബൈക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. കളിച്ച 11 മത്സരങ്ങളില്‍ എട്ടിലും തോല്‍വി വഴങ്ങിയ ടീമിന് മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ആറ് പോയിന്‍റ് മാത്രമുള്ള മുംബൈയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ ഇതിനകം അവസാനിച്ചുകഴിഞ്ഞു.

അതേസമയം ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പാണ് താരങ്ങളെ കാത്തിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വൈസ്‌ ക്യാപ്റ്റന്‍ സ്ഥാനമാണ് ഹാര്‍ദിക്കിനുള്ളത്. കഴിഞ്ഞ ആഴ്‌ചയായിരുന്നു 15 അംഗ സ്‌ക്വാഡ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. റിഷഭ്‌ പന്താണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.

രോഹിത് ശര്‍മയെ കൂടാതെ വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പ്രധാന ബാറ്റര്‍മാര്‍. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും ടീമിലുണ്ട്. അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായെത്തിയപ്പോള്‍ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പ്രധാന സ്‌പിന്നര്‍മാരായി ഇടം നേടിയത്. ജസ്‌പ്രീത് ബുംറ നയിക്കുന്ന പേസ് യൂണിറ്റില്‍ അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ALSO READ:കാവിയും നീലയും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്ത്?, സമ്മിശ്ര പ്രതികരണം - India T20 World Cup 2024 Jersey

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍:ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്.

ABOUT THE AUTHOR

...view details