ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). അവസാന മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെയാണ് സിറ്റി വീഴ്‌ത്തിയത്. ഫില്‍ ഫോഡന്‍റെ (Phil Foden) ഹാട്രിക് മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം (Brentford vs Manchester City Match Result).
ബ്രെന്‍റ്‌ഫോര്‍ഡിന്‍റെ തട്ടകമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിലുടനീളം ആതിഥേയര്‍ക്കെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായി. എന്നാല്‍, മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ചത് ബ്രെന്‍റ്‌ഫോര്‍ഡായിരുന്നു.
മത്സരത്തിന്‍റെ 21-ാം മിനിറ്റില്‍ നീല്‍ മൗപെയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സിറ്റി തിരിച്ചടിക്കുന്നത്. ബ്രെന്‍റ്‌ഫോര്‍ഡ് പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്തായിരുന്നു ഫോഡന്‍ ആദ്യ ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താന്‍ സിറ്റിക്കായി. ഡി ബ്രൂയിന്‍ ഉയര്‍ത്തി നല്‍കിയ പാസില്‍ നിന്നും ഹെഡറിലൂടെയാണ് ഫോഡന്‍ പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. 70-ാം മിനിറ്റില്‍ താരം ഹാട്രിക് പൂര്‍ത്തിയാക്കി.