ഗയാന:കരീബിയൻ പ്രീമിയർ ലീഗില്‍ (സിപിഎൽ) തങ്ങളുടെ ആദ്യ കിരീടം പ്രീതി സിന്‍റയുടെ സെന്‍റ് ലൂസിയ കിങ്സ് സ്വന്തമാക്കി. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പഞ്ചാബ് കിങ്സിന്‍റെ കന്നിക്കിരീടത്തിനായുള്ള കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനിപ്പുറവും നീളുന്നതിനിടെയുള്ള താല്‍ക്കാലിക ആശ്വാസമാണ് സിപിഎൽ കിരീടം. ഫൈനല്‍ പോരാട്ടത്തില്‍ ഗയാന ആമസോൺ വാരിയേഴ്‌സിനെ 6 വിക്കറ്റിന് തോൽപ്പിച്ച് സെന്‍റ് ലൂസിയ കിങ്സ് ജേതാവായത്.
ടോസ് നേടിയ എസ്എൽകെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ ബൗളറും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോൾ നൂർ അഹമ്മദ് 4 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ആമസോൺ വാരിയേഴ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 138 റൺസ്. മറുപടി ബാറ്റിങ്ങിൽ 11 പന്തും ആറു വിക്കറ്റും ബാക്കിയാക്കി എസ്എൽകെ ലക്ഷ്യത്തിലെത്തി.
22 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന റോസ്റ്റൺ ചേസ്, 31 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്ന ആരോൺ ജോണ്‍സ് എന്നിവരാണ് സെന്‍റ് ലൂസിയയെ വിജയത്തിലെത്തിച്ചത്.ടൂർണമെന്‍റിൽ 850 ലധികം റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിനും ബാറ്റർ ജോൺസൺ ചാൾസിനും അവരുടെ മുൻകാല പ്രകടനം ആവർത്തിക്കാനാകാതെ പുറത്തായി.