പാരീസ്: രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പിവി സിന്ധു പാരിസില്‍ ബാഡ്‌മിന്‍റണ്‍ കോര്‍ട്ടിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ പാരിസ് ഒളിമ്പിക്‌സ് റൗണ്ട് 16-ല്‍ താരത്തിന്‍ തോല്‍വി വഴങ്ങേണ്ടി വന്നു. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചൈനീസ് താരമായ ഹേ ബിങ് ജിയാവോയോടാണ് സിന്ധു കീഴടങ്ങിയത്. 2016-ല്‍ റിയോയിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടി രാജ്യത്തിന്‍റെ അഭിമാനമായിരുന്നു സിന്ധു.
ഇപ്പോഴിതാ പാരിസിലെ തോല്‍വി ഏറെ പ്രയാസമേറിയതാണെന്ന് പ്രതികരിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് സിന്ധു ഇതു സംബന്ധിച്ച കുറിപ്പ് ഇട്ടിരിക്കുന്നത്. പാരിസ് ഒളിമ്പിക്‌സിലേക്കുള്ള തന്‍റെ യാത്രയില്‍ കൂടെ കൂടിയ പരിക്കും ഗെയിമിൽ നിന്ന് കുറച്ച് കാലം വിട്ടുനില്‍ക്കേണ്ടി വന്നതും കടുപ്പമേറിയതായിരുന്നു. ഇതൊക്കെയാണെങ്കിലും പാരിസിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതയായി കരുതുന്നുവെന്ന് സിന്ധു എഴുതി.
കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം
പാരീസ് 2024: മനോഹരമായ, യാത്ര പക്ഷെ വേദനിപ്പിക്കുന്ന തോല്‍വി
ഈ തോൽവി എന്‍റെ കരിയറിലെ ഏറ്റവും വേദനിപ്പിക്കുന്ന ഒന്നാണ്. ഈ തോല്‍വി അംഗീകരിക്കാൻ സമയമെടുക്കും. പക്ഷേ ജീവിതം മുന്നോട്ട് പോകുമ്പോൾ, ഞാൻ അതിനോട് പൊരുത്തപ്പെടുമെന്ന് എനിക്കറിയാം.
2024 ലെ പാരിസിലേക്കുള്ള യാത്ര എനിക്കൊരു യുദ്ധമായിരുന്നു. രണ്ട് വർഷത്തെ കൂടെ കൂടിയ പരിക്കുകളും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതും കടുപ്പമേറിയതായിരുന്നു. ഈ വെല്ലുവിളികൾക്കിടയിലും, എന്‍റെ മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതും വലിയൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.
ഒളിമ്പിക്‌സ് പോലൊരു വേദിയിൽ മത്സരിക്കാൻ സാധിച്ചത് വലിയ സംഭവമാണ്, ഒരു തലമുറയെ പ്രചോദിപ്പിക്കാനും കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഈ സമയത്ത് നിങ്ങളുടെ സന്ദേശങ്ങൾ എനിക്ക് ആശ്വാസത്തിന്‍റെ വലിയ ഉറവിടമാണ്. ഒളിമ്പിക്‌സില്‍ ഞാനും എന്‍റെ ടീമും കഴിയുംവിധം എല്ലാം നല്‍കി. അതിനാല്‍ തോറ്റു മടങ്ങുമ്പോഴും ഖേദമില്ല.
എന്‍റെ ഭാവിയെ കുറിച്ച് വ്യക്തമായിത്തന്നെ പറയാനുണ്ട്. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം, ഞാൻ കളത്തിലുണ്ടാകും. ഈ ഇടവേള എന്‍റെ ശരീരത്തിനും മനസിനും വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും, മുന്നോട്ടുള്ള യാത്ര ശ്രദ്ധാപൂർവം വിലയിരുത്തി, ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഈ ഗെയിമില്‍ കൂടുതൽ സന്തോഷം കണ്ടെത്തും വിധം മുന്നോട്ടു പോകും- സിന്ധു കുറിച്ചു.
Also Read:മനു ഭാക്കര്‍ ഹാട്രിക്കിലേക്ക്; 25 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഫൈനലില്‍ - Manu bhaker into 25m Pistol final