ന്യൂഡല്‍ഹി:പാരീസ് ഒളിമ്പിക്‌സ് വനിതാ ഗുസ്‌തിയിൽ വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്‌ടമായെങ്കിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ കയറാന്‍ താരത്തിന് കഴിഞ്ഞു. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടിയതിന് അയോഗ്യയാക്കപ്പെട്ടു. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ അപ്പീലും കായിക കോടതി തള്ളിയിരുന്നു.
പാരീസില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയ താരത്തിന് വീരോചിത സ്വീകരണമാണ് നല്‍കിയത്. ഡൽഹി വിമാനത്താവളത്തിലെത്തിയ വിനേഷിനെ കുടുംബാംഗങ്ങളും കായികതാരങ്ങളും ആരാധകരും ഊഷ്‌മളമായി സ്വീകരിച്ചു. ഡൽഹി എയർപോർട്ടിൽ നിന്ന് ഹരിയാനയിലെ സർഗി ദാദ്രി ജില്ലയിലെ ബലാലി ഗ്രാമത്തിലെ ജന്മഗ്രാമത്തിലേക്ക് ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടി ഉജ്ജ്വല സ്വീകരണം നൽകി.
സ്വന്തം ഗ്രാമത്തിൽ താരത്തെ ആദരിക്കുന്നതിനായി വിവിധ പരിപാടികൾ നടത്തി. സ്വർണമെഡൽ തുടങ്ങി വിവിധ സമ്മാനങ്ങൾ നൽകിയാണ് താരത്തെ വരവേറ്റത്. ഈ സാഹചര്യത്തിൽ വിനേഷ് ഫോഗട്ടിന് സമ്മാനം നൽകിയതുമായി ബന്ധപ്പെട്ട് താരത്തിന്‍റെ ഭര്‍ത്താവിന്‍റെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.