മികച്ച കുറ്റാന്വേഷണ ചിത്രമായ ആനന്ദ് ശ്രീബാല ഇപ്പോൾ ഒടിടിയിൽ റിലീസിന് എത്തിയിരിക്കുകയാണ്. വിശേഷങ്ങൾ പങ്കുവെച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഇ ടിവി ഭാരതിനോട് സംസാരിച്ചു. നൈറ്റ് ഡ്രൈവ്, മാളികപ്പുറം തുടങ്ങിയ സിനിമകളുടെ രചയിതാവ് കൂടിയാണ് അഭിലാഷ് പിള്ള. മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന സുമതി വളവ് എന്ന ചിത്രം അഭിലാഷ് പിള്ളയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാളത്തിൽ വളരെയധികം സെലിബ്രേറ്റ് ചെയ്യപ്പെടുന്ന തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് അഭിലാഷ് പിള്ള. അഭിലാഷ് പിള്ളയ്ക്ക് മുൻപും പിൻപുമുള്ള പല തിരക്കഥാകൃത്തുക്കൾക്കും ലഭിക്കാത്ത സാമൂഹികമായ തിരിച്ചറിവ് അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഭിലാഷ് പിള്ള ആരംഭിച്ചത്.
അഭിലാഷ് പിള്ളയുടെ വാക്കുകളിലൂടെ
" സോഷ്യൽ മീഡിയയെ എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്നുള്ള തിരിച്ചറിവിന്‍റെ ഫലമാണ് ഒരുപക്ഷേ അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തിനെ മുഖം അറിയാവുന്ന ഒരു ടെക്‌നീഷ്യൻ എന്നുള്ള നിലയിലേക്ക് വളർത്തിയത്. ജീവിതത്തിലും സിനിമയിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമുക്ക് ലഭിക്കുന്ന മാധ്യമത്തിലൂടെ തുറന്നുപറയാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത്തരം അഭിപ്രായപ്രകടനങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നു.
ഒരു സിനിമയെ സംബന്ധിച്ചിടത്തോളം തിരക്കഥാകൃത്ത് എന്ന് പറയുന്നത് മാറ്റിനിർത്തപ്പെടേണ്ട അല്ലങ്കിൽ ഒളിഞ്ഞു നിൽക്കപ്പെടേണ്ട ഒരു ഘടകമല്ല. അവരുടെ ചിന്തകളുടെയും പ്രയത്നത്തിന്‍റെയും ഫലമായാണ് ഒരു സിനിമ സംഭവിക്കുന്നത് തന്നെ. മാളികപ്പുറം എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് സംവിധായകനായ വിഷ്‌ണു ശശിശശങ്കർ ആ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലായിരുന്നു. അതുകൊണ്ടുതന്നെ ഉണ്ണി മുകുന്ദൻ അടക്കമുള്ള അഭിനേതാക്കൾക്കൊപ്പം മാളികപ്പുറത്തിന്‍റെ പ്രമോഷണൽ പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുത്തിരുന്നു. ആ ചിത്രത്തിന്‍റെ വലിയ വിജയം എന്നെപ്പോലൊരു തിരക്കഥാകൃത്തിന്‍റെ മുഖം തിരിച്ചറിയുന്നതിന് കാരണമായി. തിരക്കഥാകൃത്തുക്കളും അഭിനേതാക്കൾക്കും സംവിധായകനും സമമായി പ്രേക്ഷകർക്ക് സുപരിചിതമാവേണ്ട മുഖങ്ങൾ തന്നെയാണ്." അഭിലാഷ് പിള്ള പറഞ്ഞു.
" ജനുവരി പതിനെട്ടാം തീയതി മുതൽ ഞാൻ എഴുതിയ ഏറ്റവും പുതിയ ചിത്രമായ ആനന്ദ് ശ്രീബാല ഓ ടി ടി യിൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററിൽ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെയാണ് ഡിജിറ്റൽ റിലീസിനു ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ കേരളത്തിന് പുറത്തു നിന്നും അതായത് അന്യഭാഷകളിൽ നിന്നും സിനിമയുടെ തിരക്കഥയെ പ്രശംസിച്ചുകൊണ്ട് ധാരാളം നിരൂപണങ്ങൾ പുറത്തുവരുന്നു. ഒരു എഴുത്തുകാരനുള്ള നിലയിൽ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷങ്ങളാണിത്. മലയാള സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമ്പോൾ മലയാളികളെ പോലെ തന്നെ അന്യഭാഷയിൽ ഉള്ളവരും കാണുന്നുണ്ട്. എന്‍റെ ആദ്യ ചിത്രങ്ങളായ നൈറ്റ് ഡ്രൈവ് നെറ്റ്ഫ്ലക്‌സിൽ റിലീസ് ചെയ്‌ത സമയത്ത് രണ്ടാഴ്‌ച യോളം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. സിനിമകളുടെ ഒടിടി റിലീസ് കേരളത്തിലെ സിനിമ പ്രവർത്തകരുടെ വലിയ അവസരങ്ങളുടെ വാതിൽ കൂടിയാണ്. നൈറ്റ് ഡ്രൈവ്, കെടാവർ തുടങ്ങി ഞാൻ എഴുതിയ ചിത്രങ്ങൾ ഒടിടിയിലൂടെ കണ്ടിട്ട് നിരവധി അന്യഭാഷ അവസരങ്ങൾ തന്നെ തേടിയെത്തിയിട്ടുണ്ട്." അഭിലാഷ് പിള്ള വ്യക്തമാക്കി.
" 2018 ൽ പത്തനംതിട്ടയിൽ ഒരു പെൺകുട്ടി കാണാതായ വാർത്ത മലയാളികൾക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ഇന്നും ജസ്‌ന എന്ന പെൺകുട്ടിക്ക് എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല. എന്‍റെ വീടിന് തൊട്ടടുത്തുള്ള പെൺകുട്ടിയാണ് ഇത്. എന്‍റെ നാട്ടിൽ സംഭവിച്ച ഈയൊരു കാര്യത്തിന് അന്നും ഇപ്പോഴും വലിയ പ്രസക്തിയുണ്ട്. മാധ്യമങ്ങളിലൊക്കെ കൃത്യമായ ഇടവേളകളിൽ ജസ്‌ന തിരോധാനത്തെക്കുറിച്ച് വലിയ പ്രാധാന്യത്തോടെ വാർത്തകൾ വരാറുണ്ട്. എന്താകും ആ പെൺകുട്ടിക്ക് സംഭവിച്ചത് എന്നുള്ള സിനിമാറ്റിക് ചിന്തയിലാണ് ആനന്ദ് ശ്രീബാല സംഭവിക്കുന്നത്.
വിഷ്ണു വിനയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്‍റെ ആദ്യപകുതി ഈ പെൺകുട്ടിയുടെ തിരോധാനവുമായി സംഭവിച്ചിട്ടുള്ള യഥാർത്ഥ സംഭവവികാസകളാണ് ചർച്ചചെയ്യുന്നത്. ബാക്കി പകുതിയിലുള്ള സിനിമാറ്റിക് ചിന്താഗതിയിൽ കേരളത്തിൽ നടന്നിട്ടുള്ള മറ്റു ക്രൈമുകളെ ആസ്‌പദമാക്കിയുള്ള വിശദാംശങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിലെ 75% സംഭാവ വികാസങ്ങളും യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി എഴുതപ്പെട്ടിട്ടുള്ളതാണ്. 25% മാത്രമാണ് ഒരു സ്രഷ്‌ടാവ് എന്നുള്ള രീതിയിൽ എന്‍റെ സംഭാവന." അഭിലാഷ് പിള്ള വ്യക്തമാക്കി. ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ പ്രേക്ഷകർക്ക് വൈകാരികമായി സമീപിക്കുവാൻ സാധിക്കുന്ന രംഗങ്ങൾ എഴുതി ചേർക്കുന്നത് എപ്പോഴും ഗുണം ചെയ്യും. അങ്ങനെയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം അവതരിപ്പിക്കുന്ന അർജ്ജുൻ അശോകന്‍റെ കഥാപാത്രത്തെ ഞാൻ ട്രീറ്റ് ചെയ്‌തിട്ടുള്ളത്. ഒരു അമ്മ മകൻ ഇമോഷണൽ അടിസ്ഥാനം രൂപപ്പെട്ടത് അങ്ങനെയാണ്. കൂടാതെ ഒരല്‍പ്പം ഫാന്‍റസിയും. വളരെ നേർരേഖയിൽ പറഞ്ഞു പോകാവുന്ന കഥ തന്നെയാണ് ആനന്ദ് ശ്രീബാല എന്ന ചിത്രത്തിനുള്ളത്. പക്ഷേ ഞാനീ പറഞ്ഞ വൈകാരിക രംഗങ്ങൾ ചേർത്തതോടെ പ്രേക്ഷകർക്ക് ലഭിക്കുന്ന ആസ്വാദനത്തിന്‍റെ നിലവാരം വർദ്ധിച്ചു." അഭിലാഷ് പിള്ള പറയുകയുണ്ടായി.
അസീസ് നെടുമങ്ങാട്, അജു വർഗീസ് എന്നിവർ ഈ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും അഭിലാഷ് സംസാരിച്ചു.
"ഒരു നടൻ എന്നുള്ള രീതിയിൽ അസീസ് നെടുമങ്ങാട് ഒരുപാട് വളർന്നു കഴിഞ്ഞു. അസീസ് നെടുമങ്ങാട് ഈ സിനിമയിൽ ചെയ്‌ത ചെറിയൊരു നെഗറ്റീവ് കഥാപാത്രം മറ്റൊരു താരത്തെ വച്ച് ആലോചിച്ചതാണ്. പക്ഷേ ആവർത്തനവിരസത തോന്നും എന്നുള്ളതുകൊണ്ട് ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു. അടുത്ത സുഹൃത്ത് കൂടിയായ അസീസ് ചേട്ടനോട് ഈ ചിത്രത്തിലെ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ അസീസ് നെടുമങ്ങാട് സമ്മതിച്ചു. അതിഗംഭീരം എന്ന് മാത്രമേ അസീസിന്‍റെ ഈ ചിത്രത്തിലെ പ്രകടനത്തെ വിലയിരുത്താൻ ആവുകയുള്ളൂ.
അതുപോലെതന്നെയാണ് അജു വർഗീസ് ഈ സിനിമയിൽ അവതരിപ്പിച്ച കഥാപാത്രം. അജു വർഗീസിന്‍റെ കഥാപാത്രവും സിനിമയിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. പക്ഷേ ഉള്ള സ്ക്രീൻ സ്പേസ് അദ്ദേഹം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സസ്പെൻഷൻ ആയ ഒരു പൊലീസുകാരന്‍റെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ഡയലോഗ് ഡെലിവറി എല്ലാം എക്‌സ്‌ട്രാ ഓർഡിനറി ആയിരുന്നു. അതിൽ അജു ചേട്ടൻ പറയുന്ന തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഒരു ഡയലോഗ് എഡിറ്റിൽ ഡിലീറ്റ് ചെയ്‌തു പോയിട്ടുണ്ട്. അജു ചേട്ടൻ പറയുന്ന ആ ഡയലോഗ് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ കഥ പറച്ചിലിന്‍റെ ഒഴുക്കിനെ ബാധിക്കുമോ എന്ന് ഭയപ്പെട്ടാണ് അജു വർഗീസിന്‍റെ ആ ഡയലോഗ് ഡിലീറ്റ് ചെയ്‌തത്.
എന്തുകൊണ്ട് സസ്പെൻഷനിലായി എന്ന ചോദ്യത്തിന് അജു വർഗീസിന്‍റെ കഥാപാത്രം മറുപടി പറയുന്ന ഒരു രംഗമായിരുന്നു അത്. പെൺകുട്ടിയുടെ മരണമന്വേഷിച്ച് നാഗർകോവിലിലേക്കുള്ള അർജുൻ അശോകന്‍റെ കഥാപാത്രത്തിനൊപ്പം അജു വർഗീസിന്‍റെ കഥാപാത്രം സഞ്ചരിക്കുന്നുണ്ട്. ആ യാത്രയിലാണ് ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകുന്നത്. ആ യാത്രയിൽ അജു വർഗീസിന്‍റെ കഥാപാത്രം നന്നായി മദ്യപിക്കുന്നുണ്ട്. മദ്യപിച്ചതിന് ആണോ സാറിന്‍റെ ജോലി പോയത് എന്നൊരു ചോദ്യം അജു വർഗീസിന്‍റെ കഥാപാത്രത്തോട് ചോദിക്കുന്നു. അയ്യപ്പൻ എന്ന അജു വർഗീസിന്‍റെ കഥാപാത്രം കാക്കിയിട്ട് വെള്ളമടിക്കാറില്ല. കാക്കി ഊരി കഴിഞ്ഞാൽ എന്ത് ചെയ്യണം എന്നുള്ളത് എന്‍റെ ഇഷ്‌ടമാണ് എന്ന് പറയുന്നുമുണ്ട്. അതിനുശേഷം ആണ് ഡിലീറ്റ് ചെയ്‌ത ഡയലോഗ് ഉള്ളത്.
' ജോലി പോയതിനെ കാരണം മറ്റൊന്നാണ്. കോളേജ് പിള്ളേരുടെ കൂടെ പ്രശ്‌നമുണ്ടാക്കിയ ഒരുത്തനെ ഞാൻ നല്ല ഇടിയിടിച്ചു. അവൻ ഒരു പാർട്ടിക്കാരനായിരുന്നു. പ്രശ്‌നം രൂക്ഷമായപ്പോൾ കോളേജ് പിള്ളേർ അവരുടെ വഴിക്ക് പോയി. കാക്കി കാക്കിയുടെ വഴിക്കും പോയി.'
ഇതാണ് അജു വർഗീസിന്‍റെ ഡിലീറ്റ് ചെയ്‌ത ഡയലോഗ്. ഈയൊരു ഡയലോഗ് കൂടി സിനിമയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അജു വർഗീസിന്‍റെ കഥാപാത്രത്തിന് കൂടുതൽ ആഴമുള്ളതായി തോന്നുമായിരുന്നു. അഭിലാഷ് പിള്ള വ്യക്തമാക്കി.
ആനന്ദ് ശ്രീബാല എന്ന ചിത്രത്തിൽ ഒഴിവാക്കപ്പെട്ട ഒരു രംഗത്തെക്കുറിച്ചും അഭിലാഷ് പിള്ള പറയുകയുണ്ടായി.തിരക്കഥയിലെ ഒരു വലിയ സീൻ ആയിരുന്നു. അത് ഞങ്ങൾ കഥ പറച്ചിലിനിടയിൽ ലോജിക് പ്രശ്‌നമുണ്ടാകുമെന്ന് കരുതി ചിത്രീകരിച്ചില്ല. പക്ഷേ ഇപ്പോൾ തോന്നുന്നു ആ രംഗം കൂടി ഉണ്ടായിരുന്നുവെങ്കിൽ കുറച്ചുകൂടി ഉദ്വേഗജനകമായ തിയറ്റർ എക്‌സ്‌പീരിയൻസ് ലഭിച്ചേനെ എന്ന്. ആ രംഗം ഇപ്രകാരമായിരുന്നു.
പെൺകുട്ടി കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന ഒരു രംഗം ചിത്രത്തിൽ ഉണ്ട്. പള്ളിമുറ്റത്ത് നിന്ന് കായലിലേക്കുള്ള പെൺകുട്ടിയുടെ ഒരു യാത്രയുണ്ട്. ഈ യാത്രയുടെ സമയക്രമം മനസ്സിലാക്കാൻ അന്വേഷണ ഉദ്യോഗസ്ഥരായ പല കഥാപാത്രങ്ങൾ ബസ് മുഖേനയും കാർ മുഖേനയും ബൈക്ക് മുഖേനയും ഓട്ടോറിക്ഷ മുഖേനയും യാത്രചെയ്യുന്നതാണ് സീനിന്‍റെ ഉള്ളടക്കം. പക്ഷേ ലോജിക് പരമായ ചില കാരണങ്ങൾ തിരക്കഥ വായനയിൽ മുന്നോട്ടുവന്നതോടെ ഞങ്ങൾ ഒഴിവാക്കി. പക്ഷേ സിനിമ റിലീസ് ചെയ്‌തതിനുശേഷം ഈ രംഗം കൂടി ഉൾപ്പെടുത്താമെന്ന് തോന്നി." അഭിലാഷ് പിള്ള വ്യക്തമാക്കി.
" പലപ്പോഴും പല സിനിമകളിലും നമുക്ക് ഏറെ ഇഷ്ടപ്പെട്ട ചില രംഗങ്ങൾ കഥയുടെ സുഗമമായ യാത്രയ്ക്കുവേണ്ടി ഒഴിവാക്കപ്പെടേണ്ടി വന്നിട്ടുണ്ട്. അമലാപോൾ പ്രധാന വേഷത്തിലെത്തിയ കടാവർ ചിത്രത്തിൽ പോസ്റ്റ്‌മോർട്ടം സംബന്ധമായ പല രംഗങ്ങളും ഇത്തരത്തിൽ വേദനയോടെ ഒഴിവാക്കിയിട്ടുണ്ട്. " അഭിലാഷ് പിള്ള തുറന്നു.
" ആനന്ദ് ശ്രീബാല എന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് വളരെയധികം ഇഷ്‌ടപ്പെടുന്ന രീതിയിലാണ് ഞാൻ എഴുതിയിട്ടുള്ളത്. ഏത് തരത്തിലുള്ള ചിത്രങ്ങൾ എഴുതുമ്പോഴും കുടുംബ പ്രേക്ഷകരെ മുന്നിൽകണ്ടാണ് ഞാൻ തൂലിക ചലിപ്പിക്കാറ്. അവരാണ് സിനിമയുടെ യഥാർത്ഥ പ്രേക്ഷകർ. ആനന്ദ് ശ്രീബാല തിയേറ്ററുകളിൽ വലിയ വിജയമായപ്പോഴും വിമർശിക്കുന്നവർ ഉണ്ടായിരുന്നു. നൂറുകോടി രൂപയിലധികം കളക്ഷൻ ലഭിച്ച താൻ എഴുതിയ മാളികപ്പുറം എന്ന ചിത്രത്തിനും വിമർശകർ ഏറെയായിരുന്നു.
നമുക്ക് 100% ആൾക്കാരെയും സംതൃപ്‌തരാക്കാവുന്ന ഒരു കലാസൃഷ്‌ടി നടത്താന്‍ സാധിക്കില്ല. ഒരു സിനിമ കാണുന്നവർ വ്യത്യസ്ത പ്രായത്തിലുള്ളവരാണ് വ്യത്യസ്‌ത ചിന്താഗതി ഉള്ളവരാണ് വ്യത്യസ്‌ത ആശയങ്ങൾ ഉള്ളവരാണ്. പക്ഷേ കാണാനെത്തുന്ന 50%ത്തിലധികം ആൾക്കാരെ സംതൃപ്‌തരാക്കാന്‍ സാധിച്ചാൽ സിനിമ വിജയിച്ചു. അത്തരത്തിൽ ആനന്ദ് ശ്രീബാല വലിയ വിജയമാണ്. ഇവിടെ ഇറങ്ങിയിട്ടുള്ള എല്ലാ സൂപ്പർ ഹിറ്റ് സിനിമകൾക്കും വിമർശകർ ഉണ്ട്. ഇഷ്‌ടപ്പെടാത്തവരുണ്ട്. എല്ലാവരെയും തൃപ്‌തിപ്പെടുത്തി ഒരിക്കലും ഒരു സൃഷ്‌ടി സാധിക്കുകയില്ല. എ
ങ്കിലും പരിപൂർണ്ണ ആത്മാർത്ഥതയോടെ എല്ലാവരെയും ഇഷ്‌ടപ്പെടുത്തണം എന്നുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് ആനന്ദ് ശ്രീബാല രചിച്ചിരിക്കുന്നത്. ആമസോൺ പ്രൈം, മനോരമ മാക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്നതാണ്. ചിത്രം ആരെയും നിരാശപ്പെടുത്തില്ല. അഭിലാഷ് പിള്ള വ്യക്തമാക്കി.
Also Read: ജൂണില്‍ ചിത്രീകരണം; പ്രേമലു 2 പുതിയ അപ്‌ഡേറ്റ് പുറത്ത്