വത്തിക്കാൻ: ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) നില അതീവ ഗുരുതരമെന്ന് വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ. കഴിഞ്ഞ ദിവസത്തേക്കാള്‍ നില ഗുരുതരമാണെന്നും വത്തിക്കാൻ അറിയിച്ചു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യ സ്ഥിതി മോശമായി തുടരുന്നു. അപകടനില പൂർണമായും തരണം ചെയ്‌തിട്ടില്ലെന്നും ഡോ സെർജിയോ ആൽഫിയേരി പറഞ്ഞു. ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതായി പരിശോധനയിൽ കണ്ടെത്തി. പ്രായവും മുൻപ് ഉണ്ടായ ശ്വാസകോശ സംബന്ധമായ അസുഖവും കണക്കിലെടുത്ത് പരിശോധനകള്‍ നടത്തിവരുന്നതായും വത്തിക്കാൻ അറിയിച്ചു.
അണുബാധ കൂടാൻ സാധ്യതയുണ്ടെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകി. ന്യുമോണിയ ഉള്ളതിനാൽ അണുബാധ കൂടിയാൽ സ്ഥിതി ഗുരുതരമാകും. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവുള്ളതിനാൽ പ്ലേറ്റ്‌ലോപീനിയ അല്ലെങ്കിൽ ത്രോംബോസൈറ്റോപീനിയ എന്ന അവസ്ഥയാണ് നിലവിലുള്ളത്. മരുന്നുകളിൽ നിന്നോ അണുബാധകളിൽ നിന്നോ ഉണ്ടാകുന്ന പാർശ്വഫലങ്ങളാണ് ഈ അവസ്ഥയ്‌ക്ക് കാരണം.
ശ്വാസകോശ അണുബാധയാണ് ഡോക്‌ടർമാർ ആദ്യം സ്ഥിരീകരിച്ചത്. തുടർന്നാണ് ന്യുമോണിയ കണ്ടെത്തിയത്. ശ്വാസകോശത്തിലെ അണുബാധ രക്തത്തിലേക്ക് പടരാതിരിക്കാനുള്ള ചികിത്സയാണ് പ്രധാനമായും നൽകി വരുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
20 വയസുള്ളപ്പോൾ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരുഭാഗം നീക്കം ചെയ്‌തിരുന്നു. 2021-ൽ അദ്ദേഹത്തിന് വൻകുടൽ ശസ്‌ത്രക്രിയയും നടത്തിയിരുന്നു.
ബ്രോങ്കൈറ്റിസ്
ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ ആണ് ബ്രോങ്കൈറ്റിസ് എന്ന് വിളിക്കുന്നത്. ഈ ചെറിയ ശ്വാസനാളികൾക്ക് വീക്കം സംഭവിക്കുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്.