കോഴിക്കോട്: വിതയ്ക്കാതെ ചീര കൃഷിയിൽ നൂറുമേനി വിളവ് കൊയ്തെടുക്കുകയാണ് ഇത്തവണയും ചെറുകുളത്തൂർ മഞ്ഞൊടി മള്ളാറു വീട്ടിൽ ചന്ദ്രൻ. കഠിനാധ്വാനത്തിലൂടെ നേടിയതല്ല ഈ കാർഷിക വിജയം. ഓരോ വർഷവും അത്ഭുതകരമാണ് ചന്ദ്രൻ്റെ കൃഷിയിടത്തിലെ പച്ച ചീരയുടെ സമൃദ്ധി.
കഴിഞ്ഞ ഏഴ് വർഷമായിചീര വിത്ത് വിതയ്ക്കാതെയാണ് ചന്ദ്രൻ വിളവ് കൊയ്യുന്നത്. മുമ്പ് ചീര വിതച്ച പാടത്ത് ഓരോ വർഷവും വേനലെത്തുന്നതോടെ നിലത്ത് വീണ ചീര വിത്തുകൾ മുളച്ചു പൊന്തും. പിന്നെ നാലുമാസത്തോളം പടു മുള മുളച്ച ചീരയിലൂടെ മികച്ച വരുമാനമാണ് ഈ കർഷകന് ലഭിക്കുന്നത്.
ചീര കൃഷി കഴിഞ്ഞാൽ പിന്നെ ഈ പാടത്ത് നെൽകൃഷി ഉണ്ടെങ്കിലും നെൽകൃഷി വിളവെടുത്ത ശേഷം മണ്ണിൽ വീണപഴയ ചീര വിത്തുകൾ താനേ മുളച്ചു പൊങ്ങും. ചന്ദ്രൻ ആകെ ചെയ്യുന്നത് മുളച്ചുപൊങ്ങിയ ചീര തൈകൾക്കിടയിൽ അല്‍പ്പം വളം പ്രയോഗിക്കും എന്നത് മാത്രമാണ്.

കൂടാതെ ആവശ്യത്തിന് വെള്ളവും ചീര തൈകൾക്ക് നൽകും. എല്ലാ കൃഷികളും ഉണ്ടെങ്കിലും വിതയ്ക്കാതെ കൊയ്യുന്ന പച്ച ചീര തന്നെയാണ് അത്ഭുത താരം. മഞ്ഞൊടിയിലെ അര ഏക്കർ പാടത്ത് ഹരിതാഭമായി തഴച്ചു വളർന്ന ചീരയുടെ വിളവെടുപ്പും ആരംഭിച്ചു. പ്രാദേശിക വിപണിയിലാണ് വിൽപ്പന ഏറെയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചീരയുടെ മേന്മ അറിഞ്ഞ് വയലിൽ നേരിട്ട് എത്തിയും ആവശ്യക്കാർ ചീര വാങ്ങുന്നുണ്ട്. ഓരോ വർഷവും മണ്ണില്ലാ ചേന കൃഷി ചെയ്‌ത് ശ്രദ്ധ നേടിയ മള്ളാറു വീട്ടിൽ ചന്ദ്രൻ ഇപ്പോൾ വിതയ്ക്കാതെ കൊയ്യുന്ന ചീര കൃഷിയിലൂടെയും പ്രശസ്‌തി നേടുകയാണ്.
Also Read: ചീര വിത്തിടാന്‍ ഉറുമ്പ് സമ്മതിക്കുന്നില്ലേ?; ശല്യം തീര്‍ക്കാന്‍ ഇതാ പൊടിക്കൈ