എറണാകുളം : പാരിസ് ഒളിക്‌സിലെ ഹോക്കി ടീമൻ്റെ വിജയം ശ്രീജേഷ് വീട്ടിലേക്ക് തിരിച്ചെത്തിയ ശേഷം ഗംഭീരമായി ആഘോഷിക്കുമെന്ന് സഹോദരൻ ശ്രീജിത്ത്. കാനഡയിൽ നിന്നും മത്സരാഘോഷത്തിൻ്റെ ഭാഗമാവാനാണ് ശ്രീജിത്ത് വ്യാഴ്‌ച കൊച്ചിയിലെ വീട്ടിലെത്തിയത്. ശ്രീജേഷിന്‍റെ വിജയം സന്തോഷവും അഭിമാനവുമാണ് നൽകുന്നത്. വിരമിക്കൽ മത്സരത്തിൽ മെഡൽ നേടിയത് ശ്രീജേഷിനും സന്തോഷം നൽകുന്നതാണെന്നും ശ്രീജിത്ത് പ്രതികരിച്ചു.
ഈ വിജയത്തെ എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാന നിമിഷം വന്ന പെനാൾട്ടി സേവ് ചെയ്യാൻ ശ്രീജേഷിന് സാധിച്ചു. ദൈവാനുഗ്രഹവും ടീം വർക്കുമാണ് വിജയത്തിലേക്ക് നയിച്ചത്. വിജയത്തിന് ശേഷം ശ്രീജേഷുമായി ഫോണിൽ സംസാരിച്ചിരുന്നു. പത്താം തീയതിയോ അല്ലെങ്കിൽ ഡൽഹിയിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമോ ആയിരിക്കും ശ്രീജേഷ് നാട്ടിലെത്തുകയെന്നും സഹോദരൻ പറഞ്ഞു.
മകന്‍ രാജ്യത്തിന് അഭിമാനമായതില്‍ സന്തോഷമുണ്ടെന്ന് ശ്രീജേഷിന്‍റെ മാതാവ് ഉഷ പ്രതികരിച്ചു. 'ആദ്യത്തെ ഒരു ഗോളടിച്ചപ്പോള്‍ തന്നെ ഞാന്‍ കളി കാണുന്നത് നിര്‍ത്തി, എഴുന്നേറ്റ് പോയി. കളി തീരുന്നത് വരെ പ്രാര്‍ഥനയിലായിരുന്നു. കളി കാണാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല.'- ശ്രീജേഷിന്‍റെ അമ്മ ഇടിവി ഭാരതിനോട് പറഞ്ഞു. മകന്‍ വിജയത്തോടെ പടിയിറങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഷ പറഞ്ഞു.