ധര്‍മ്മപുരി (തമിഴ്‌നാട്) : റോഡ്-വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കൃത്യസമയത്ത് ചികിത്സ കിട്ടാതെ പതിമൂന്നുകാരി മരണത്തിന് കീഴടങ്ങി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍ പെന്നഗ്രാം താലൂക്കിലുള്ള വട്ടുവനള്ളി പഞ്ചായത്തിലാണ് സംഭവം.
ആലക്കാട്ട് സ്വദേശികളായ രുദ്രപ്പ-ശിവലിംഗി ദമ്പതികളുടെ മകള്‍ കസ്‌തൂരിക്കാണ് ഈ ദുര്യോഗമുണ്ടായത്. ഇന്നലെ വയലില്‍ പുല്ലുശേഖരിക്കാന്‍ പോയപ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ മുള കൊണ്ട് നിര്‍മിച്ച ഒരു താത്ക്കാലിക സ്ട്രെച്ചറില്‍ കിടത്തി കാല്‍നടയായി കുട്ടിയെ ബന്ധുക്കള്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള സീനഗഡു ഗ്രാമത്തില്‍ എത്തിച്ചു.
ഇവിടെ നിന്ന് മാത്രമേ വാഹന സൗകര്യം ലഭ്യമാകൂ. ഇവിടെ നിന്ന് കുട്ടിയെ ഇരുപത് കിലോമീറ്റര്‍ അകലെയുള്ള പാലകോട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചു. എന്നാല്‍ വൈദ്യസഹായം ലഭിക്കും മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവം ഗ്രാമവാസികളെ പ്രകോപിതരാക്കി. അവര്‍ ശക്തമായ പ്രതിഷേധം നടത്തി. റോഡ്-വാഹന സൗകര്യമില്ലാത്തതിനാല്‍ പാമ്പുകടിയേറ്റും പ്രാണികളുടെ കടിയേറ്റും പ്രസവത്തിലും മറ്റും ഇത്തരത്തില്‍ നിരവധി മരണങ്ങള്‍ സംഭവിക്കുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് അടിയന്തരമായി റോഡ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ജില്ലാഭരണകൂടത്തോട് അഭ്യര്‍ഥിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തി. സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അടിയന്തരമായി മൂന്ന് ലക്ഷം രൂപ സഹായധനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത്തരം ഒറ്റപ്പെട്ട ഇടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്‍റെ അടിയന്തര പ്രാധാന്യമാണ് ഇത്തരം സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 1,132 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണിത്. 42 കുടുംബങ്ങളിലായി 153 താമസക്കാരുണ്ട്. 29 വീടുകളിലായാണ് ഇവര്‍ കഴിയുന്നത്. മൂന്നര കിലോമീറ്റര്‍ കയറ്റവും നാല് കിലോമീറ്റര്‍ ഇറക്കവുള്ള കൊടും കാട്ടിലൂടെ സഞ്ചരിച്ച് വേണം ഇവിടെയുള്ളവര്‍ക്ക് വാഹന സൗകര്യം ഉള്ളയിടത്ത് എത്തിച്ചേരാന്‍.
തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ഗ്രാമത്തിലേക്ക് റോഡ് പണിതെങ്കിലും കനത്ത മഴയില്‍ ഇത് നശിച്ചു. അതോടെ വാഹനങ്ങള്‍ക്ക് ഇത് വഴി കടന്ന് പോകാന്‍ സാധിക്കാതെ ആയി. ദീര്‍ഘകാലമായി തങ്ങള്‍ക്ക് സഞ്ചാരയോഗ്യമായ പാതവേണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.
Also Read: ക്ലാസ് മുറിയിൽ അധ്യാപികയെ പാമ്പുകടിച്ചു; സംഭവം ഓണാഘോഷ പരിപാടിയ്‌ക്കിടെ