കൊല്ലം: പൊലീസാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ. ലോട്ടറി ടിക്കറ്റിൻ്റെ നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയത പുനലൂർ സ്വദേശി ഷാജിനെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. എക്സൈസ്, പൊലീസ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റുകളിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതിയായ ഷാജ് തട്ടിപ്പ് നടത്തുന്നത്.
വഴിയോര ലോട്ടറി കച്ചവടക്കാരുടെ മുന്നിൽ ബൈക്കിൽ എത്തുന്ന പ്രതി തൻ്റെ കൈവശമുള്ള തിരുത്തിയ ടിക്കറ്റ് നൽകി എന്തെങ്കിലും സമ്മാനം അടിച്ചിട്ടുണ്ടോയെന്ന് നോക്കാൻ ആവശ്യപ്പെടും, 5000 രൂപ ലോട്ടറി സമ്മാനം ഉണ്ടെന്ന് കേൾക്കുമ്പോൾ 2500 രൂപ പണമായും ബാക്കി 2500 രൂപക്ക് ലോട്ടറി ടിക്കറ്റും നൽകാൻ ആവശ്യപ്പെടും.
ഇങ്ങനെ നിരവധി ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. തിരുത്തിയ ടിക്കറ്റുകൾക്കാണ് പണം നൽകിയതെന്ന് പിന്നീടാണ് വഴിയോരകച്ചവടക്കാർ മനസിലാക്കുന്നത്. കൂടുതലും സ്‌ത്രീകളെയും വികലാംഗരെയുമാണ് ഇയാൾ പറ്റിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പുനലൂർ മാത്ര സ്വദേശിയായ സുജാതയെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കരസ്ഥമാക്കി ഇയാൾ മുങ്ങിയിരുന്നു. തുടർന്ന് സുജാത നൽകിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. ചടയമംഗലം പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നതിനിടയിലാണ് സമാനമായ രീതിയിൽ കുറ്റം ചെയ്‌ത ഇയാളെ പൂയപ്പള്ളി പൊലീസും പിടികൂടുന്നത്.
ഇയാളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാൾക്കെതിരെ ചടയമംഗലം, കായംകുളം, കൊട്ടിയം , എഴുകോൺ, കൊട്ടാരക്കര എന്നീ സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകൾ നിലവിലുണ്ട്. 2021ൽ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് ജയിൽ വാസം അനുഭവിച്ച ആളുമാണ് ഷാജ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.