രത്‌ലം (രാജസ്ഥാൻ): സാധാരണ ക്ഷേത്രങ്ങളിലെ ഭണ്ഡാരപ്പെട്ടികള്‍ തുറന്നാൽ ലഭിക്കാറുള്ളത് പണവും സ്വർണവും ഒക്കെയാണ്. ഭക്തർ പല രീതിയിൽ ദൈവത്തിന് കാണിക്ക ഇടുമെങ്കിലും ഒപിയം അഥവാ കറുപ്പ് കാണിക്ക നൽകുന്നത് അപൂർവമായിരിക്കും. രാജസ്ഥാനിലെ ചിറ്റോർഗഡിലുള്ള ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തത് 58.7 കിലോഗ്രാം കറുപ്പാണ്.
രാജസ്ഥാനിലെ മന്ദ്‌സൗറിലെയും നീമുച്ചിലെയും ഒപിയം കർഷകർ വർഷങ്ങളായി സൻവാലിയ സേത്ത് ക്ഷേത്രത്തിൽ ഒപിയം സംഭാവന ചെയ്യാറുണ്ടത്രെ. മേടമാസത്തിൽ നെല്ലും മറ്റ് കാർഷിക വിളകളും ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പോലെ തന്നെയാണ് ഇതും. എന്നാൽ കറുപ്പ് സാധാരണ കാർഷിക വിള അല്ലാത്തതിനാലും മയക്കുമരുന്നായി ഉപയോഗിക്കാം എന്നതിനാലും ഇങ്ങനെ സംഭാവന നൽകുന്നത് അധികൃതർ വിലക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ ഭക്തരായ കർഷകർ കാണിക്ക വഞ്ചിയിൽ ഒപിയം കാണിക്കയായി നൽകാൻ തുടങ്ങി. ഇങ്ങനെ ദൈവത്തിന് കിട്ടിയ ഒപിയം ആണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തത്. ക്ഷേത്ര ഭാരവാഹികള്‍ തന്നെയാണ് ഇക്കാര്യം എൻസിബിയെ അറിയിച്ചത്. ആചാരങ്ങള്‍ വിലക്ക് വന്നപ്പോള്‍ ഭക്തർ സ്വീകരിച്ച മാർഗമാണിതെന്ന് ക്ഷേത്ര ഭാരവാഹികളും പറയുന്നു.
കഞ്ചാവിന് സമാനമായ ഒരു ലഹരിയാണ് ഒപിയം അഥവാ കറുപ്പ്. വിവിധ രോഗങ്ങള്‍ക്ക് മരുന്നായിട്ടാണ് ഒപിയം കൃഷി ചെയ്യുന്നത്. ഇത് നിയമാനുസൃതമായി മാനദണ്ഡങ്ങളോടെ ഇന്ത്യയിലെ ചില ഗ്രാമങ്ങളിൽ കൃഷി ചെയ്യാറുണ്ട്. മധ്യപ്രദേശിൻ്റെയും രാജസ്ഥാൻ്റെയും അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പിടിച്ചെടുത്ത കറുപ്പ് ആൽക്കലോയിഡ് വർക്‌സിൽ ഏൽപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വേദന, പാലിയേറ്റീവ് പരിചരണം തുടങ്ങിയ രോഗങ്ങള്‍ക്ക് പെയിൻ കില്ലർ നിർമ്മിക്കാനായാണ് പ്രാധാനമായും ഇവ കൃഷി ചെയ്യുന്നത്. രാജസ്ഥാനിലെ ആൽക്കലോയിഡ് വർക്ക്‌സ് ഫാക്‌ടറി 1933ലാണ് സ്ഥാപിതമായത്.