എറണാകുളം : വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിന തടവും 1,15,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീനെയാണ് (27) കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്‌ജി ദിനേശ് എം പിള്ളയുടോതാണ് വിധി.
2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്രസയുടെ ടെറസിന്‍റെ മുകളിലും പ്രാർഥനാമുറിയിലും വച്ചായിരുന്നു പീഡനം നടന്നത്. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപിക ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. നിരവധി തവണ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. 2022 ഫെബ്രുവരി 24ന് അറസ്‌റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അഞ്ച് വകുപ്പുകളിലായാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളിൽ 20 വർഷം വീതവും രണ്ട് വകുപ്പുകളിൽ അഞ്ച് വർഷം വീതവുമാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സിന്ധു ഹാജരായി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
സിഐ ആയിരുന്ന കേഴ്‌സൺ വി മാർക്കോസ്, എസ്ഐമാരായ സിഎ ഇബ്രാഹിംകുട്ടി, പിഎ സുബൈർ, എഎസ്ഐ ഇ.എസ് ബിന്ദു, സീനിയർ സിപിഒ എആർ ജയൻ, സിപിഒ ഇൻഷാദ പരീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.