ലാഹോര്‍ (പാകിസ്ഥാന്‍): പാരീസ് ഒളിമ്പിക്‌സില്‍ ജാവലിൻ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടി മാതൃരാജ്യത്ത് തിരിച്ചെത്തിയ അർഷാദ് നദീമിന് ഗംഭീര സ്വീകരണം. ഞായറാഴ്ച ലാഹോർ വിമാനത്താവളത്തില്‍ അര്‍ഷാദ് വന്ന വിമാനത്തെ ജലപീരങ്കി സല്യൂട്ട് നൽകി വരവേറ്റു.
ആരാധകർ വലിയ ആവേശത്തോടെയാണ് അര്‍ഷാദിനെ സ്വീകരിച്ചത്. അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. ജനക്കൂട്ടം 'അർഷാദ് നദീം നീണാൾ വാഴട്ടെ എന്ന് ആര്‍പ്പ് വിളിച്ചു. എയര്‍പോര്‍ട്ടിലെത്തിയ താരം അച്ഛനെ കണ്ടു രണ്ടുപേരും പരസ്‌പരം ആശ്ലേഷിച്ചു. അച്ഛന്‍ അര്‍ഷാദിനെ ഹാരമണിയിച്ചു. വലിയ സുരക്ഷയോടെ പുറത്തിയ താരം ആരാധകരെ കാണാനായി തുറന്ന ബസ് പരേഡില്‍ പങ്കെടുത്തു.
ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്റർ ദൂരം താണ്ടിയാണ് നദീം ഒളിമ്പിക് റെക്കോർഡ് തിരുത്തി സ്വര്‍ണം സ്വന്തമാക്കിയത്. 2008ലെ ബീജിങ് ഗെയിംസിൽ നോർവേയുടെ ആൻഡ്രിയാസ് തോർക്കിൽഡ്‌സൻ സ്ഥാപിച്ച 90.57 മീറ്ററിന്‍റെ ഒളിമ്പിക് റെക്കോർഡാണ് അര്‍ഷാദ് തകർത്തത്. ഒളിംപിക് ചരിത്രത്തിൽ പാക്കിസ്ഥാന്‍റെ ആദ്യ വ്യക്തിഗത സ്വർണ മെഡൽ ജേതാവായി നദീം മാറി. കൂടാതെ, 1992 ബാഴ്‌സലോണ ഗെയിംസിന് ശേഷം രാജ്യം നേടുന്ന ആദ്യ മെഡലാണിത്.
പാകിസ്ഥാനിലെ പഞ്ചാബിലെ ഗ്രാമപ്രദേശത്തുള്ള ഒരു മൺ ഇഷ്ടിക വീട്ടിലാണ് അര്‍ഷാദ് ജനിച്ചതും വളർന്നതും. കുട്ടിക്കാലത്ത് പണമില്ലായിരുന്നു. അതിനാൽ വീട്ടിൽ നിർമ്മിച്ച കുന്തങ്ങളായിരുന്നു പരിശീലനത്തിനുള്ള ഏക മാർഗം. പാകിസ്ഥാൻ കായികതാരങ്ങൾ ഗോതമ്പ് പാടങ്ങളിൽ ഈ കളി പരിശീലിക്കാറുണ്ടായിരുന്നു.
Also Read:വിനേഷിന്‍റെ അപ്പീലിൽ സസ്‌പെന്‍സ് തുടരുന്നു; ഇന്ന് വിധിയില്ല, തീരുമാനം ഞായറാഴ്‌ച രാത്രി - VERDICT ON PHOGATS PLEA