പാരിസ് : പാരിസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യൻ താരം മനു ഭാക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്‌ട്രപതി ദ്രൗപതി മുർമുവും അടക്കമുള്ള പ്രമുഖർ.
ചരിത്ര മെഡൽ നേട്ടമെന്ന് മോദി :'ഇത് ചരിത്രപരമായ മെഡൽ നേട്ടം. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം കൈവരിച്ചതിന് അഭിനന്ദനങ്ങൾ. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിത എന്ന നിലയിൽ മനുവിൻ്റെ വിജയം കൂടുതൽ സവിശേഷമാണ്. ഇത് അവ്ശ്വസനീയമായ നേട്ടം.' -മോദി എക്‌സിൽ കുറിച്ചതിങ്ങനെ.
രാജ്യത്തിന്‍റെ അഭിമാന നേട്ടമെന്ന് അമിത് ഷാ : 'പാരിസ് ഒളിമ്പിക്‌സിൽ ആദ്യ മെഡൽ നേട്ടത്തിന് അഭിനന്ദനങ്ങൾ. മികച്ച പ്രകടനത്തിലൂടെ നിങ്ങൾ രാജ്യത്തെ ഒന്നടങ്കം ആഹ്‌ലാദത്തിലാക്കിയിരിക്കുകയാണ്. നിങ്ങളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു' -അമിത് ഷായുടെ വാക്കുകൾ ഇങ്ങനെ.
മനുവിന്‍റെ നേട്ടം നിരവധി സ്‌ത്രീകൾക്ക് പ്രചോദനമാവുമെന്ന് രാഷ്‌ട്രപതി :'പാരിസ് ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ് ഇനത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ട് ഇന്ത്യയുടെ മെഡൽ പട്ടിക തുറന്നതിന് മനു ഭാക്കറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഷൂട്ടിങ് മത്സരത്തിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു. മനു ഭാക്കറുടെ ഈ നേട്ടത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. അവളുടെ ഈ നേട്ടം നിരവധി കായിക താരങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രചോദനമാകും. ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെ' -രാഷ്‌ട്രപതി ദ്രൗപതി മുർമു എക്‌സിൽ പറഞ്ഞു.
അഭിനന്ദനങ്ങളുമായി ഹരിയാന മുഖ്യമന്തി : 'ഒടുവിൽ ഹരിയാനയുടെ ധീരപുത്രിയിലൂടെ രാജ്യത്തിന്‍റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ്. പാരിസ് ഒളിമ്പിക്‌സിലെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു ഭാക്കർ വെങ്കല മെഡൽ നേടി. 22 കാരിയായ മനുവിന്‍റെ നേട്ടത്തിൽ ഇന്ന് രാജ്യവും സംസ്ഥാനവും അഭിമാനിക്കുകയാണ്. ഹരിയാനയുടെ ധീരയായ മകൾക്ക് അഭിനന്ദനങ്ങൾ..' -ഹരിയാന മുഖ്യമന്തി നയാബ് സിങ് സൈനി പറഞ്ഞതിങ്ങനെ.
ഇത് കഠിനാധ്വാനത്തിന്‍റെ ഫലം: അഭിനവ് ബിന്ദ്ര : 'പാരിസ് ഒളിമ്പിക്‌സിൽ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കല മെഡൽ നേടിയതിന് മനു ഭാക്കറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! നിങ്ങളുടെ അചഞ്ചലമായ അർപ്പണബോധവും കഠിനാധ്വാനവും ശരിക്കും ഫലം കണ്ടു. ഓരോ ഷൂട്ടിലും ഇന്ത്യക്ക് അഭിമാനം പകരുന്ന നിങ്ങളുടെ പ്രകടനം സാക്ഷ്യം വഹിക്കാനായതിൽ സന്തോഷമുണ്ട്. ഈ നേട്ടം നിങ്ങളുടെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവാണ്. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ' -ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡൽ നേടിയ താരം അഭിനവ് ബിന്ദ്രയുടെ വാക്കുകൾ.
Also Read: ഷൂട്ടിങ്ങില്‍ ചരിത്രം തീര്‍ത്ത വെങ്കലം; മനുവിനിത് മധുര 'പ്രതികാരം'