പാരിസിലെ ഷാറ്ററാക്‌സ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വീണ്ടും ഇന്ത്യക്ക് സന്തേഷ വാര്‍ത്ത. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്‌ഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍-സരബ്‌ജോത് സിങ് സഖ്യം വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ മനു ഭാക്കറിന് രണ്ടു മെഡലായി. ഒളിമ്പിക്‌സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്ലറ്റ് ഒറ്റ പതിപ്പില്‍ രണ്ട് മെഡല്‍ നേടുന്നത്. സരബ്‌ജോത് സിങ്ങിന്‍റെ ആദ്യ ഒളിമ്പിക് മെഡലാണിത്.
13 സീരീസ് നീണ്ട മെഡല്‍ മാച്ചില്‍ അഞ്ചിനെതിരെ എട്ട് സീരീസും നേടിക്കൊണ്ടാണ് ഇന്ത്യ കൊറിയയെ വീഴ്ത്തിയത്. മിക്‌സ്‌ഡ് ടീമിനത്തിലെ ഫൈനല്‍ റൗണ്ടുകളില്‍ ആദ്യം 16 പോയിന്‍റെടുക്കുന്ന ടീം വിജയിക്കുന്നതാണ് രീതി.
ALSO READ:ചെറുപ്പത്തില്‍ ഏവരേയും ഞെട്ടിച്ച പ്രതിഭ, കരാട്ടെയിൽ ദേശീയ മെഡൽ ജേതാവ്; മനു ഭാക്കറെക്കുറിച്ച് വിശദമായി അറിയാം... - Who is Manu Bhaker
ഓരോ സീരീസും ജയിക്കുന്ന ടീമിന് 2 പോയിന്‍റ് വീതം കിട്ടും ആദ്യ സീരീസ് നഷ്‌ടപ്പെടുത്തിയ ശേഷം ശക്തമായി തിരിച്ചടിച്ച മനു ഭാക്കര്‍ സരബ്‌ജോത് സഖ്യം തുടരെ 5 സീരീസുകള്‍ നേടി. ഒടുവില്‍ പതിമൂന്നാം സീരീസില്‍ 16 പോയിന്‍റ് തികച്ചു. അതേസമയം പാരിസില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍ വെങ്കലം വെടിവച്ചിട്ടിരുന്നു.