കേരളം

kerala

ETV Bharat / sports

ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഇന്ത്യയ്‌ക്ക് നല്ലവാര്‍ത്ത; മനു ഭാക്കര്‍ ഫൈനലില്‍ - Manu Bhaker into the final - MANU BHAKER INTO THE FINAL

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിന്‍റെ യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിന് യോഗ്യത നേടിയത്.

PARIS OLYMPICS 2024  OLYMPICS 2024 NEWS  MANU BHAKER  ഒളിമ്പിക്‌സ് വാര്‍ത്ത
MANU BHAKER (getty images)

By ETV Bharat Kerala Team

Published : Jul 27, 2024, 6:06 PM IST

Updated : Jul 27, 2024, 7:23 PM IST

പാരിസ്:പാരിസ് ഒളിമ്പിക്‌സിന്‍റെ ആദ്യ ദിനം ഇന്ത്യയുടെ അഭിമാനമായി മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഏകാഗ്രതയോടെ പൊരുതിയ മനു ഭാക്കര്‍ തന്‍റെ രണ്ടാം ഒളിമ്പിക്‌സില്‍ ഫൈനലിലേക്ക് യോഗ്യത നേടി. കഴിഞ്ഞ തവണ ടോക്കിയോവില്‍ ക്വാളിഫൈയിങ്ങ് റൗണ്ടില്‍ പുറത്തായ മനുവിന് പാരിസിലേത് മധുര പ്രതികാരം കൂടിയായി.

സ്ഥിരതയാര്‍ന്ന പ്രകടനം കൃത്യതയിലും മുന്നില്‍

44 താരങ്ങള്‍ മല്‍സരിച്ച യോഗ്യതാ റൗണ്ടില്‍ മൂന്നാമതെത്തിയാണ് മനു ഭാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്. സ്ഥാനം മൂന്നാണെങ്കിലും മനു ഭാക്കറിന്‍റേത് ഉന്നം പിഴക്കാത്ത ഷോട്ടുകളായിരുന്നു. പാരീസില്‍ ഈ ഇനത്തില്‍ മല്‍സരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ബുള്‍സ് ഐ ഷോട്ടുകള്‍ ഉതിര്‍ത്തതും മനു ഭാക്കറായിരുന്നു.27 പെര്‍ഫെക്റ്റ് ടെന്നോടെ മല്‍സരത്തിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ച മനു ഭാക്കര്‍ മറ്റു താരങ്ങളേക്കാള്‍ ഒരു പടി മുന്നില്‍ നിന്നു.

യോഗ്യതാ റൗണ്ടിലെ മല്‍സരം

ഒരു മണിക്കൂര്‍ പതിനഞ്ച് മിനിട്ട് നീളുന്ന ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷൂട്ടര്‍ക്കും 60 ഷോട്ടുകളാണ് ലഭിച്ചത്. 10 ഷോട്ടുകളുടെ 6 സീരീസ്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഓരോ ഷോട്ടിലും ലഭിക്കാവുന്ന പരമാവധി പോയിന്‍റ് പത്താണ്. മികച്ച 8 റാങ്കുകാരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2021 ല്‍ ടോക്കിയോ ഒളിമ്പിക്സിന്‍റെ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഇടക്കു വെച്ച് പിസ്റ്റള്‍ തകരാറായതിനെത്തുടര്‍ന്ന് പുറകോട്ട് പോയ മനു ഭാക്കര്‍ ഇത്തവണ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മല്‍സരിക്കാനെത്തിയത് ലോകത്തിലെ മൂന്നാം സ്ഥാനക്കാരിയായിട്ടായിരുന്നു. ക്വാളിഫിക്കേഷന്‍ റൗണ്ടിലും മനു അതേ സ്ഥിരത തുടര്‍ന്ന് മൂന്നാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് കടന്നത്.

മുന്നേറിയത് ഇങ്ങിനെ

ക്വാളിഫിക്കേഷന്‍ റൗണ്ടിന്‍റെ തുടക്കം മുതല്‍ കളിയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയിരുന്നു മനു ഭാക്കര്‍. ആദ്യ സീരീസില്‍ 10 ഷോട്ടുകള്‍ പിന്നിട്ടപ്പോള്‍ മനു ഭാക്കറിനൊപ്പം ഇന്ത്യയുടെ റിഥം സംഗ്വാനും 97 പോയിന്‍റോടെ ആദ്യ എട്ടിലുണ്ടായിരുന്നു. രണ്ടാം സീരീസിലും മനു ഭാക്കറിന് നല്ല തുടക്കം കിട്ടി. ആദ്യ രണ്ടു ഷോട്ടുകളും പെര്‍ഫെക്റ്റ് പത്തില്‍. ഏകാഗ്രതയോടെ വെടിയുതിര്‍ത്ത മനു ഭാക്കര്‍ വീണ്ടും 97 പോയിന്‍റ് നേടി.

ചൈനീസ് തുര്‍ക്കി താരങ്ങളുടെ വെല്ലുവിളി നേരിട്ട മനു രണ്ടു സീരീസ് പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇതിനിടയില്‍ പിഴവുകള്‍ വരുത്തിയ റിഥം സംഗ്വാന്‍ പോയിന്‍റില്‍ താഴോട്ട് പോയി. രണ്ടാം സീരീസില്‍ റിഥം നേടിയത് 92 പോയിന്‍റായിരുന്നു. മൂന്നാം സീരീസില്‍ മനു ഭാക്കര്‍ കൂടുതല്‍ കൃത്യതയോടെ വെടിവെച്ചപ്പോള്‍ 98 പോയിന്‍റ് സ്വന്തമാക്കാനായി. ആകെ 292 പോയിന്‍റോടെ മനു ഭാക്കര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

നാലാം സീരീസിന്‍റെ ആദ്യ പകുതിയില്‍ മനു ഭാക്കര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. ആദ്യ അഞ്ച് ഷോട്ടില്‍ നാലും പെര്‍ഫെക്റ്റ് ടെന്‍. പക്ഷേ അടുത്ത മൂന്നു ഷോട്ടുകളില്‍ ഈ നേട്ടം ആവര്‍ത്തിക്കാനായില്ല. 96 പോയിന്‍റോടെ മനു ഭാക്കര്‍ നാലാം സീരീസ് അവസാനിപ്പിച്ചു.അഞ്ചാം സീരീസിലും ചില ഷോട്ടുകള്‍ നേരിയ വ്യത്യാസത്തിന് പാളി. വീണ്ടും 96 പോയിന്‍റ് മൊത്തം 484 പോയിന്‍റോടെ മനു നാലാം സ്ഥാനത്തായി. അവസാന സീരീസിലും മനു ഭാക്കറിന്‍റെ കുതിപ്പ് കണ്ടു. ഇതിനിടെ ഹംഗറിയുടെ വെറോണിക്കാ മേജര്‍ 582 പോയിന്‍റോടെ മല്‍സരം അവസാനിപ്പിച്ചിരുന്നു.

ആദ്യ അഞ്ച് ഷോട്ടുകളില്‍ മനു ഭാക്കര്‍ നാല് പെര്‍ഫെക്റ്റ് ടെന്‍ കണ്ടെത്തി. പക്ഷേ പിന്നീട് അതേ ഏകാഗ്രത തുടരാനായില്ല. മൂന്ന് ഷോട്ടുകള്‍ പത്തില്‍ നിന്ന് വഴുതിയപ്പോള്‍ മനു ഭാക്കര്‍ അവസാന സീരീസിലും 96 പോയിന്‍റിലൊതുങ്ങി. അതോടെ ആറു സീരീസുകളും അവസാനിച്ചപ്പോള്‍ ഹംഗറി കൊറിയ താരങ്ങള്‍ക്ക് പുറകില്‍ 580 പോയിന്‍റോടെ മനു ഭാക്കര്‍ മൂന്നാമതായി ഫിനിഷ് ചെയ്ത് ഫൈനല്‍ യോഗ്യത നേടി. ഞായറാഴ്ച മൂന്നരയ്ക്കാണ് ഫൈനല്‍. ഇന്ത്യയുടെ റിഥം സംഗ്വാന്‍ 573 പോയിന്‍റോടെ പതിനഞ്ചാം സ്ഥാനത്തായി.

ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തില്‍ ഇനി മനു ഭാക്കര്‍ തനിച്ച് ഇന്ത്യന്‍ പ്രതീക്ഷകളുമായി മെഡല്‍ പോരാട്ടത്തിനിറങ്ങും.

ALSO READ: ഒളിമ്പിക്‌സിൽ എംഎൽഎക്ക് എന്ത് കാര്യം...! ശ്രേയസി സിങ് ഒളിമ്പിക്‌സ് വില്ലേജിലെത്തിയത് ജനപ്രതിനിധിയായല്ല

ഫൈനലില്‍ മല്‍സരം വ്യത്യസ്തം

ഫൈനലില്‍ ഓരോ ഷോട്ടിനു ലഭിക്കാവുന്ന പരമാവധി പോയിന്‍റ് 10.9 ആണ്. ആദ്യം 250 സെക്കന്‍റില്‍ ഫൈനലിലെ 8 താരങ്ങളും 5 ഷോട്ടുകള്‍ ഉതിര്‍ക്കണം. രണ്ടാം സീരീസിലും 5 ഷോട്ടുകള്‍. പിന്നീട് ഓരോ 50 സെക്കന്‍ഡിലും വെടി ഉതിര്‍ക്കണം. ഓരോ രണ്ട് ഷോട്ടിനു ശേഷം കുറഞ്ഞ സ്കോര്‍ നേടിയ താരം പുറത്താവും. ഇങ്ങിനെ രണ്ട് ഷൂട്ടര്‍മാര്‍ ബാക്കിയാവുന്നതു വരെ തുടരും. അതിലാണ് സ്വര്‍ണവും വെള്ളിയും തീരുമാനിക്കുക.

Last Updated : Jul 27, 2024, 7:23 PM IST

ABOUT THE AUTHOR

...view details