ഇടുക്കി: കൊപ്രയ്‌ക്ക് വില വര്‍ധിച്ചതോടെ വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് മുപ്പത് രൂപയിലധികമാണ് കൊപ്രയ്‌ക്ക് വില വര്‍ധിച്ചത്. നിലവിലെ കൊപ്ര വിലയ്‌ക്ക് എണ്ണയാട്ടി വില്‍പ്പന നടത്തുക ലാഭകരമല്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്.
ഓണക്കാലത്തിന് തൊട്ടുമുൻപുവരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് മുപ്പതു രൂപയിലധികം വര്‍ധിച്ച് കൊപ്രയുടെ വില 155 രൂപയായി. ഇതോടെ പ്രതിസന്ധിയിലായത് വെള്ളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുന്ന മില്ലുടമകളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആട്ടിയ വെളിച്ചെണ്ണക്ക് കിലോ 285 രൂപക്കാണ് മില്ലുടമകള്‍ വില്‍പ്പന നടത്തുന്നത്. ഒരു കിലോ കൊപ്രയില്‍ നിന്ന് ശരാശരി 600 ഗ്രാം വെളിച്ചെണ്ണ ലഭിക്കും. കൊപ്ര ആട്ടുന്ന ചിലവുള്‍പ്പെടെ പരിഗണിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വെളിച്ചെണ്ണയാട്ടി വില്‍പ്പന നടത്തുക ലാഭകരമല്ലെന്ന് മില്ലുടമകള്‍ പറയുന്നു.
കൊപ്രയുടെ ഇപ്പോഴത്തെ വില തുടര്‍ന്നാല്‍ വെളിച്ചെണ്ണയുടെ വിലയില്‍ ഇനിയും വര്‍ധനവ് വരുത്തേണ്ടതായി വരും. ഇത് വില്‍പ്പനയെ ബാധിക്കും. നാളികേര ഉത്പാദനം കൂടുതലുള്ള ജില്ലകളില്‍ നിന്നാണ് ഹൈറേഞ്ച് മേഖലയിലെ മില്ലുകളിലേക്ക് വെളിച്ചെണ്ണയാട്ടാന്‍ കൊപ്രയെത്തുന്നത്. കുറഞ്ഞ വിലയില്‍ പായ്ക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്‍പ്പനയ്‌ക്ക് വെല്ലുവിളിയാകുന്നതായി മില്ലുടമകള്‍ പറയുന്നു.
കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കണമെന്നും മായം കലര്‍ന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്ലുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.
Also Read: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം; സ്ഥാപനത്തിന് 7 ലക്ഷം രൂപ പിഴ, നടപടി ആദിവാസികളുടെ പരാതിയില്‍